എറണാകുളത്ത് സ്ഥിതി സങ്കീർണം; ആലുവയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ കൂടുന്നു
text_fieldsകൊച്ചി: സമ്പർക്കത്തിലൂടെ കൂടുതൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ എറണാകുളത്ത് സ്ഥിതി സങ്കീർണമെന്ന് വിലയിരുത്തൽ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കേസുകളിൽ ഉറവിടമറിയാൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ ആലുവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗവ്യാപനം. ആലുവയിൽ മാധ്യമപ്രവർത്തകന് ഉൾപ്പെടെ രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൂർണിക്കര സ്വദേശികളായ ഇവർക്ക് രോഗം സ്ഥിരീകരിച്ചത് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്നതിനിടെയായതും ആശങ്ക ഉയർത്തുന്നു.
നേരത്തേ എറണാകുളം മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചെങ്കിലും ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറക്കാൻ സാധിച്ചിരുന്നു. ആലുവയിൽ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ ആരോഗ്യവകുപ്പിൻെറയും പൊലീസിൻെറയും പരിശോധന കർശനമാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് പരിശോധന.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അഞ്ചു പ്രദേശങ്ങളെകൂടി കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചു. മുളവുകാട്, കീഴ്മാട്, ആലങ്ങാട്, ചൂർണിക്കര, ചെല്ലാനം എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ വീതമാണ് കണ്ടെയ്ൻമെൻറ് സോണാക്കിയത്.
എറണാകുളത്ത് 21 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.