കോവിഡ് സെൻററിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന്; രോഗികൾ പ്രതിഷേധിച്ചു
text_fieldsകൊട്ടാരക്കര: പുലമൺ ബ്രദറൻ ഹാളിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് രോഗികൾ പുറത്തിറങ്ങി പ്രതിഷേധിച്ചു. ഇവിടെ 143 രോഗികളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണം മുതൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പത്ത് ശുചിമുറികളാണുള്ളത്.
എന്നാൽ, ഉപയോഗയോഗ്യമായത് ഒന്നുമാത്രമാണെന്ന് ഇവർ പറഞ്ഞു. ശുചീകരണ സാമഗ്രികളും ലഭിക്കുന്നില്ല. സ്കൂൾ അധ്യാപകരും സർക്കാർ ജീവനക്കാരും പ്രവാസികളും അടക്കമുള്ളവരാണ് ഇവിടെ കഴിയുന്ന രോഗികൾ. ആരോഗ്യ വകുപ്പ് അധികൃതരോടും ബന്ധപ്പെട്ടവരോടും പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് സെൻററിലുള്ളവർ പ്രതിഷേധവുമായി ഹാളിന് പുറത്തുവന്നത്.
അതേസമയം, മാലിന്യംവന്ന് അടഞ്ഞതുകൊണ്ടാണ് ശുചിമുറികളുടെ പ്രവർത്തനം തടസ്സപ്പെട്ടതെന്നും ഉച്ചയോടെ ഇത് പരിഹരിച്ചതായും നഗരസഭ സെക്രട്ടറി പ്രദീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. 26 ശുചിമുറികളും ഇപ്പോൾ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പരിചരിക്കാനുള്ള കേന്ദ്രമായതിനാൽ ഇവിടേക്ക് ജീവനക്കാരെ കിട്ടാത്തത് വെല്ലുവിളിയാണ്. കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണത്തിന് ഗുണനിലവാരം പോരെന്ന പരാതി പരിശോധിക്കുന്നുണ്ട്. കുടുംബശ്രീക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
രോഗികൾ പ്രതിഷേധിച്ച സംഭവമറിഞ്ഞ് യുവമോർച്ച പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബ്രദറൻ ഹാളിന് മുന്നിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.