കോവിഡ്: സി.എഫ്.എൽ.ടി.സികൾ നിറയുന്നു; ശേഷിക്കുന്നത് ഒന്നേകാൽ ലക്ഷം കിടക്കകൾ
text_fieldsതൃശൂർ: സംസ്ഥാനത്തെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ (സി.എഫ്.എൽ.ടി.സി) കൂടുതൽ രോഗികൾ കൊച്ചി കോർപറേഷനിൽ. രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരമാണ് രണ്ടാമത്. ഏതാണ്ട് 1200 രോഗികളാണ് രണ്ടു കോർപറേഷനുകളിലും സി.എഫ്.എൽ.ടി.സികളിലുള്ളതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കോഴിക്കോട്, കൊല്ലം, കാഞ്ഞങ്ങാട്, ആലപ്പുഴ മാരാരിക്കുളം സൗത്ത്, തൃശൂർ, പന്തളം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടടുത്ത തദ്ദേശ സ്ഥാപനങ്ങൾ. മാരാരിക്കുളം സൗത്ത് ഒഴികെയുള്ളവ നഗരസഭകളോ കോർപറേഷനുകളോ ആണ്. ക്ലസ്റ്ററായി രൂപപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിലയിടത്തൊഴിച്ച് സി.എഫ്.എൽ.ടി.സികളിലാണ് രോഗികളെ ചികിത്സിക്കുന്നത്. സംസ്ഥാനത്തെ സി.എഫ്.എൽ.ടി.സികളിൽ ഇനിയും ഒന്നേക്കാൽ ലക്ഷം കിടക്കകൾ ബാക്കിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ച പൂർത്തിയാക്കി.
രോഗികൾ കൂടുതലുള്ള 100 തദ്ദേശസ്ഥാപന പട്ടികയിൽ തിരുവനന്തപുരത്തെ 24 സി.എഫ്.എൽ.ടി.സികളുണ്ട്. മലപ്പുറം-14, കാസർകോട്-11, എറണാകുളം-എട്ട്, കൊല്ലം, ആലപ്പുഴ-ആറു വീതം, തൃശൂർ-അഞ്ച് എന്നിങ്ങനെയാണ് കണക്കിൽ മുന്നിലുള്ളത്. 59 തദ്ദേശ സ്ഥാപനങ്ങളിലെ സി.എഫ്.എൽ.ടി.സികളിൽ മാത്രമാണ് പകുതിയിൽ കൂടുതൽ രോഗികളുള്ളത്. ഇതിൽ 70 ശതമാനത്തിൽ കൂടുതലുള്ളത് 20. തിരുവനന്തപുരത്ത് പാറശാലയിലും കള്ളിക്കാടും ഏറെക്കുറെ നിറഞ്ഞു. കള്ളിയൂരും കാഞ്ഞിരംകുളവും കുളത്തൂരും 90 ശതമാനത്തിനടുത്തുണ്ട്. ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങളിലെ ചികിത്സ കേന്ദ്രങ്ങളിൽ രോഗികൾ പകുതി നിറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇവ നിറഞ്ഞാൽ തൊട്ടടുത്ത തദ്ദേശസ്ഥാപനത്തിലെ സി.എഫ്.എൽ.ടി.സികളിലാണ് പ്രവേശിപ്പിക്കുന്നത്.
മഞ്ചേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽ കിടക്കകൾ ഒഴിവില്ല. അതേസമയം, നിലവിൽ കോവിഡ് ചികിത്സ കേന്ദ്രമാക്കിയ ആശുപത്രികളിൽ പലയിടത്തും കിടക്കകൾ ഒഴിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.