ഏകോപനം പാളുന്നു; തീരുമാനങ്ങളിൽ മുഖംതിരിച്ച് ഡോക്ടർമാർ
text_fieldsകൊച്ചി: സർക്കാറിെൻറ ഏകപക്ഷീയ തീരുമാനങ്ങളിൽ േഡാക്ടർമാരിലും ആരോഗ്യപ്രവർത്തകരിലും അമർഷം. കോവിഡിനെതിരെ യുദ്ധമുഖത്ത് നിൽക്കുന്ന ഡോക്ടർമാരെ നിർണായകമായ പല തീരുമാനങ്ങളും എടുക്കുന്ന ചർച്ചകളിൽ ഒഴിവാക്കുന്നുവെന്നാണ് പ്രധാന പരാതി.
ഇത് ചികിത്സ- പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഏകോപനം പാളാൻ കാരണമാകുമെന്നും ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഏറ്റവുമൊടുവിൽ കോവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയത് അശാസ്ത്രീയമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ഇത് കൂടുതൽ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നും പൊലീസിെൻറ അമിത ഇടപെടൽ ജനങ്ങളിൽ പ്രതിഷേധങ്ങൾക്ക് ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിതഭാരമാണെന്ന വിമർശനം സേനക്കുള്ളിലും ഉയരുന്നുണ്ട്.
ഇതുവരെ ആരോഗ്യപ്രവർത്തകർ ശാസ്ത്രീയമായാണ് സമ്പർക്കപ്പട്ടിക തയാറാക്കിവന്നിരുന്നത്. ഇതിൽ പൊലീസിെൻറ സഹായം ആവശ്യമില്ല. ഇതിലെ മികവാണ് സംസ്ഥാനത്ത് ഒരു പരിധിവരെ രോഗവ്യാപനം പിടിച്ചുനിർത്താൻ സഹായിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഗവൺമെൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, കേരള ഗവൺമെൻറ് സപെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂനിയൻ തുടങ്ങിയ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ചികിത്സ മേഖലയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ നേതൃത്വം നല്കുന്ന ക്ലിനിക്കല്‍ സർവിസ് കേഡര്‍ നടപ്പാക്കണമെന്ന് ആരോഗ്യനയത്തില്‍ പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിെൻറ ആരംഭം മുതൽതന്നെ നയപരമായ എല്ലാ കാര്യങ്ങളിലും സീനിയർ ഡോക്ടർമാരുടെയും ഡോക്ടർമാരുടെ സംഘടനകളുടെയും അഭിപ്രായവും ആരായണമെന്ന ആവശ്യവും മുന്നോട്ട്വെച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്നും സംഘടന നേതൃത്വങ്ങൾ കുറ്റപ്പെടുത്തുന്നു.
ഇതുവരെ ക്വാറൻറീൻ നിരീക്ഷണം ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് നടത്തിയിരുന്നത്. ക്വാറൻറീൻ ലംഘനം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ഇടപെട്ടിരുന്നത്.
രോഗബാധിതെൻറ വിവരങ്ങൾ ഡി.എം.ഒ ഓഫിസിൽനിന്നാണ് സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറുക. എന്നാൽ, ഇനി രോഗബാധിതെൻറ വിവരങ്ങൾ ഡി.എം.ഒ ജില്ല പൊലീസ് മേധാവിക്കാവും നൽകുക.
തുടർന്നുള്ള മറ്റ് കാര്യങ്ങൾ എസ്.ഐയുടെ നേതൃത്വത്തിൽ തീരുമാനിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാവർക്കർമാരും നടത്തിയിരുന്ന സമ്പർക്കവ്യാപന നിരീക്ഷണവും പ്രൈമറി/ സെക്കൻഡറി സമ്പർക്കപ്പട്ടിക തയാറാക്കലും പൊലീസാവും ചെയ്യുക. എന്നാൽ, വിവരങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്തുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.