കോവിഡ്: പ്രാദേശിക നിയന്ത്രണം കടുപ്പിക്കും; ആവശ്യമെങ്കിൽ സമൂഹ അടുക്കള
text_fieldsതിരുവനന്തപുരം: തദ്ദേശതലത്തിൽ കോവിഡ് നിയന്ത്രണം ശക്തമാക്കാനും സമൂഹ അടുക്കള ആവശ്യമെങ്കിൽ വീണ്ടും ആരംഭിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ഉടൻ തന്നെ യോഗം വിളിച്ച് താഴെതട്ടിൽ പ്രതിരോധം ശക്തിപ്പെടുത്താൻ നടപടികൾക്ക് രൂപം നൽകും. തദ്ദേശ അധ്യക്ഷന്മാരുടെ യോഗം ഉടൻ വിളിക്കാനും ധാരണയായി.
അതിതീവ്ര വ്യാപനം തുടരുകയാണെന്നാണ് വിലയിരുത്തൽ. പകർച്ച പാരമ്യത്തിലെത്തുന്നത് പ്രതീക്ഷിച്ചതിനെക്കാൾ നേരേത്ത ആകും. ഫെബ്രുവരി 15 ഓടെ പാരമ്യത്തിൽ എത്തുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തിപ്പെടുത്തും. രോഗം വന്നാൽ വളരെ പെട്ടെന്നുതന്നെ കുടുംബത്തിലെ എല്ലാവർക്കും പകരുന്ന സാഹചര്യത്തിൽ പുറത്തുപോയി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യവും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇത് ഗൗരവമായി കാണണം.
ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടുന്നവർക്ക് ലഭ്യമാക്കും. ആശുപത്രിസംവിധാനങ്ങൾ, കിടക്കകളുടെയും ഐ.സി.യു, വെന്റിലേറ്റർ എന്നിവയുടെ ലഭ്യതയും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.