കോവിഡ്: കപ്പൽ ജീവനക്കാരുടെ ജോലിസാധ്യതക്ക് മങ്ങലേൽക്കുമെന്ന് ആശങ്ക
text_fieldsഉദുമ: കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ചരക്കുനീക്കത്തിനു നാളിതുവരെ തടസ്സമുണ്ടായിട്ടില്ലാത്തതിനാൽ കപ്പൽ ജീവനക്കാരുടെ ജോലിസാധ്യതക്ക് മങ്ങലേൽക്കുമെന്ന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ കപ്പലുകളിൽ പകരക്കാർ എത്താത്തതിനാൽ നിശ്ചിത കരാർ സമയപരിധി കഴിഞ്ഞിട്ടും നാട്ടിലെത്താൻ സാധിക്കാത്ത മർച്ചൻറ് നേവി ജീവനക്കാർ ഏറെയാണ്.
അതേസമയം, അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ പറ്റാത്തവർ തങ്ങളുടെ ഊഴവും കാത്ത് വീട്ടിൽ ഇരിപ്പു തുടങ്ങിയിട്ട് മാസങ്ങളായി. അവധിയിൽ വേതനമില്ലാത്ത ജോലിയാണിത്. ഈ കാത്തിരിപ്പ് വേളയിൽപോലും ഇവർക്ക് അലവൻസ് ആരും നൽകുന്നില്ല. ഇന്ത്യയിൽനിന്ന് വരുന്നവർക്ക് മർച്ചൻറ് നേവി കപ്പലുകളിൽ ക്രൂ മാറ്റം കൂടുതൽ നടക്കുന്ന സിംഗപ്പൂർ, യു.എ.ഇ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ പ്രവേശന വിലക്കുള്ളതിനാൽ കപ്പലിലുള്ളവർക്കു പകരക്കാരനായി പോകാനും സാധിക്കാത്ത അവസ്ഥയിലാണിപ്പോൾ അവധി സമയം പിന്നിട്ട് നാട്ടിലുള്ളവർ.
കോവിഡ്കാല നിയന്ത്രണങ്ങൾമൂലം ഷിപ്പിങ് കമ്പനികൾ ഇന്ത്യക്കാർക്ക് പകരം ഇന്തോനേഷ്യയിലെയും ഫിലിപ്പൈൻസിലെയും സീമെന്മാരെ റിക്രൂട്ട് ചെയ്യാൻ താൽപര്യപ്പെടുകയാണെന്ന് കപ്പലോട്ടക്കാരുടെ അഖിലേന്ത്യ സംഘടനയുടെ ജനറൽ സെക്രട്ടറി വൈ. അബ്ദുൽഗനി സറാംഗ് പറയുന്നു.ഇന്ത്യൻ കപ്പലുകളിൽ ജോലിചെയ്യുന്ന നാവികരെ ഇത് ബാധിക്കില്ല.
25,000 പുതിയ ജോലി ഒഴിവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് ഇന്ത്യൻ സീമെന്മാർക്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സംഘടനയെന്ന് അദ്ദേഹം പറയുന്നു. ജില്ലയിൽ നിരവധി പേർ കപ്പൽ കയറാനുള്ള ഊഴവും കാത്ത് മാസങ്ങളായി അവരവരുടെ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണെന്ന് കോട്ടിക്കുളം മർച്ചന്‍റ് നേവി ക്ലബ് പ്രസിഡന്‍റ് പാലക്കുന്നിൽ കുട്ടി പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.