കോവിഡ്: ചാലക്കുടി നഗരത്തിൽ കർശന നിയന്ത്രണം
text_fieldsചാലക്കുടി: കഴിഞ്ഞ ദിവസം ആറ് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടി നഗരത്തിൽ കർശന നിയന്ത്രണം തുടരുന്നു. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നത് ഉറപ്പു വരുത്താൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർക്ക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച ദ്രുത പരിശോധന നടത്തിയിരുന്നു. 152 പേരുടെ ആൻറിജൻ ടെസ്റ്റ് നടത്തിയതിൽ മുഴുവൻ പേരുടേയും ഫലം നെഗറ്റീവ് ആണ്.
ഇവരെ കൂടാതെ 92 പേർക്ക് ആർ.ടി.പി.സി.ആർ. സ്വാബ് ടെസ്റ്റ് നടത്തിയിട്ടുമുണ്ട്. അതിെൻറ ഫലം പിന്നീട് മാത്രമേ അറിയൂ. ചാലക്കുടി നഗരസഭയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി തുടരുകയാണ്. ഇതേ തുടർന്ന് നഗരം മിക്കവാറും അടച്ചു പൂട്ടിയ അവസ്ഥയിലാണ്. ചാലക്കുടി ചന്തയും ടൗൺ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഒന്ന്, നാല്, 19, 20, 21 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാണ്. ഇവിടേക്കുള്ള പ്രധാന റോഡുകൾ അടച്ചു പൂട്ടിയിട്ടുണ്ട്.
ഡ്രൈവർക്കും കണ്ടക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ നിലച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടറുടെ റൂട്ട് മാപ്പ് തയാറാക്കിയതിൽ സമ്പർക്ക പട്ടികയിൽ കൂടുതൽ പേരുണ്ട്. നാല് ദിവസങ്ങളായി നാല് ബസുകളിൽ ഇയാൾ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. തൃശൂർ-ചാലക്കുടി ബസിലാണ് ഇയാൾ ഡ്യൂട്ടി ചെയ്തിട്ടുള്ളത്. 15ന് ബസ് നമ്പർ ആർ.ആർ.എ 10, 17 നും 21 നും ബസ് നമ്പർ ആർ.എൻ.സി 779, 24 ന് ബസ് നമ്പർ 92 എന്നിവയിലാണ് ഡ്യൂട്ടി ചെയ്തത്.
രാവിലെ 6.30ന് ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്കും, 7.45ന് തിരിച്ച് ചാലക്കുടിയിലേക്കും, വീണ്ടും ഒമ്പത് മണിക്ക് തൃശൂരിലേക്കും തിരിച്ച് 10.15ന് ചാലക്കുടിയിലേക്കും പോകുന്നതാണ് ഈ ബസുകൾ. തുടർന്ന് ഉച്ചക്ക് 2.20ന് തൃശൂരിലേക്കും 3.30 ന് ചാലക്കുടിയിലേക്കും വൈകീട്ട് അഞ്ചിന് തൃശൂരിലേക്കും 6.15ന് തിരിച്ച് ചാലക്കുടിയിലേക്കും യാത്ര പോയിട്ടുണ്ട്. ഈ സമയത്ത് ബസുകളിൽ യാത്ര ചെയ്തിട്ടുള്ളവർ അതത് പ്രദേശത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.