കോവിഡ് പ്രതിസന്ധി: കോഴിക്കോട്ട് ഓട്ടോഡ്രൈവർമാർ ജീവനൊടുക്കി
text_fieldsവടകര/അത്തോളി: കോവിഡ്മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ ജീവനൊടുക്കി. വടകരയിൽ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന നടക്കുതാഴ സ്വദേശി പാറേമ്മൽ ഹരീഷ് ബാബുവിനെ (58) വടകര മാക്കൂൽ പീടികയിൽ താമസസ്ഥലത്തും അത്തോളി കൂമുള്ളി കോതങ്കലില്‍ കോതങ്കല്‍ പിലാച്ചേരി മനോജി (52) നെ വീടിനോട് ചേര്‍ന്ന ചായ്‌പിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഹരീഷ് തനിച്ചാണ് ക്വാർട്ടേഴ്സിൽ താമസിച്ചത്. വർഷങ്ങളായി സ്വന്തമായി വീട് ഇല്ലാത്ത ഹരീഷ് പലസ്ഥലങ്ങളിലായി വാടക വീടുകളിലാണ് കഴിയുന്നത്. മാതാവ് ജാനു വർഷങ്ങൾക്കുമുമ്പേ മരിച്ചു. അവിവാഹിതനാണ്. കോവിഡ് തുടങ്ങിയതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. ക്വാർട്ടേഴ്സിന് വാടക നൽകാൻ ബുദ്ധിമുട്ടി ഒഴിഞ്ഞു പോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം ലഭിച്ചാൽ ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടം നടത്തും.
മനോജിനെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ ബസ് കണ്ടക്ടറായി ജോലിചെയ്ത മനോജ് രണ്ടുവർഷത്തോളമായി കൂമുള്ളിയിൽ ഓട്ടോ ഡ്രൈവറാണ്. ഒരുമാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് ബാധിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി ഓട്ടോ ഓടിക്കാൻ കഴിയാത്തതിനാൽ വായ്പയെടുത്തുവാങ്ങിയ ഓട്ടോയുടെ അടവ് തെറ്റി. സാമ്പത്തിക പ്രയാസവും രോഗബാധയെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ ഷിബിത. മക്കള്‍: കൃഷ്ണപ്രിയ, ഹരിഗോവിന്ദ് (പ്ലസ് ടു വിദ്യാര്‍ഥി). മരുമകന്‍: വിജേഷ്. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.