പ്രതിസന്ധി അതിഗുരുതരം; 80 ശതമാനം കിടക്കകളും നിറഞ്ഞു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകളില്‍ 80 ശതമാനവും കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു.
മിക്കയിടത്തും കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ്. രോഗവ്യാപനം കൂടുന്നതോടെ സ്ഥിതി അതി ഗുരതരമാകുമെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. വെൻറിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വിവിധ ജില്ലകളിലായി ഇനി ഒഴിവുള്ളത്.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കിെവച്ച ഐ.സി.യു കിടക്കകളെല്ലാം നിറഞ്ഞു. ആലപ്പുഴ, കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളില്‍ അഞ്ചില്‍താഴെ കിടക്കകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 2033 കോവിഡ് രോഗികള്‍ ഐ.സി.യുവിലുണ്ട്. 818 പേര്‍ക്ക് വെൻറിലേറ്റര്‍ സൗകര്യവും ഉപയോഗിക്കേണ്ടിവരുന്നു.
സര്‍ക്കാര്‍ മേഖലയില്‍ 2857 െഎ.സി.യു കിടക്കകൾ ഉള്ളതിൽ 996 ലും കോവിഡ് രോഗികളാണ്. സർക്കാർ മേഖലയിൽ ഇനി 238 വെൻറിലേറ്ററുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എറണാകുളം ജില്ലയില്‍ വെൻറിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെൻറിലേറ്ററുകള്‍ മാത്രമേയുള്ളൂ. ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇടുക്കി, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലും കിടക്കകളുടെ എണ്ണം നാമമാത്രമാണ്. സ്വകാര്യ മേഖലയിലും സമാനമാണ് സ്ഥിതി.
കോവിഡ് രോഗികള്‍ക്കായി നീക്കിെവച്ച വെൻറിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു കിടക്കകളില്‍ 269 എണ്ണം മാത്രമാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത്. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ഈ സൗകര്യം നാമമാത്രമാണ്.
സ്വകാര്യ ആശുപത്രികളില്‍ 83 ശതമാനം വെൻറിലേറ്റര്‍ സൗകര്യവും ഉപയോഗത്തിലാണ്. 436 വെൻറിലേറ്ററുകളില്‍ 77 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളില്‍ 18.6 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. 2843 കിടക്കകളില്‍ 528 എണ്ണമേ അവശേഷിക്കുന്നുള്ളൂ. കോവിഡ് ഒന്നാംതരംഗമുണ്ടായപ്പോൾ വാഗ്ദാനം ചെയ്ത സംവിധാനങ്ങൾ പിന്നീട് ഒരുക്കാത്തത് പ്രതിസന്ധിയായിട്ടുെണ്ടന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.