കോവിഡ് മരണം; ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ മൂന്നുവർഷത്തേക്ക് ധനസഹായം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. മരിച്ച വ്യക്തിയെ ആശ്രയിച്ചിരുന്ന ബി.പി.എല്‍ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്നുവര്‍ഷത്തേക്കാണ് സഹായം നല്‍കുക. സാമൂഹികക്ഷേമ/ ക്ഷേമനിധി/ മറ്റ് പെന്‍ഷനുകള്‍ എന്നിവ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല.
വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും. ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ല കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫിസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വഹിക്കാനും തീരുമാനിച്ചു. കോവിഡ് മരണങ്ങൾക്ക് സർക്കാർ നൽകാൻ പോകുന്ന 50,000 നഷ്ടപരിഹാരത്തിന് പുറമെയാണ് ഇൗ ധനസഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.