മാനദണ്ഡങ്ങൾ മാറ്റില്ല, കോവിഡ് മരണ നിർണയത്തിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: പരാതി കിട്ടിയാൽ മരണങ്ങൾ പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും നിലവിലെ മാനദണ്ഡങ്ങൾ തുടരുമെന്ന് തന്നെ വ്യക്തമായതോടെ കോവിഡ് മരണനിർണയ കാര്യത്തിൽ സർവത്ര ആശയക്കുഴപ്പം. നിലവിലെ െഎ.സി.എം.ആർ മാനണ്ഡങ്ങളിൽ പോരായ്മയുണ്ടെന്ന് ആരോഗ്യവകുപ്പിന് അഭിപ്രായമില്ല. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതാനും സംസ്ഥാന സർക്കാർ തയാറല്ല. ഫലത്തിൽ നിലവിലെ മാനദണ്ഡമനുസരിച്ച് കോവിഡ് മരണമല്ലെന്ന് എഴുതിത്തള്ളിയ കേസിൽ വീണ്ടും ഇതേ മാനദണ്ഡം വെച്ച് പരിശോധിച്ചാൽ എന്ത് മാറ്റമാണുണ്ടാവുക എന്ന ചോദ്യം ഉയരുന്നു.
വാക്സിനടക്കമുള്ള വിഷയങ്ങളിൽ ആവർത്തിച്ച് കേന്ദ്രത്തിന് കത്തെഴുതുന്ന സംസ്ഥാന സർക്കാർ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തെഴുതാനോ കേന്ദ്രത്തെ സമീപിക്കാനോ തയാറല്ലെന്ന നിലപാടിലാണ്. കോവിഡ് ബാധിച്ച് മരിച്ചയാൾക്ക് ധനസഹായം ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും കോവിഡ് മരണങ്ങളുടെ സമഗ്ര പുനഃപരിശോധനക്ക് സർക്കാർ ഒരുക്കമല്ല.
ജൂൺ പകുതിയോടെയാണ് കോവിഡ് മരണങ്ങൾ നിർണയിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനതലത്തിൽനിന്ന് ജില്ലകളിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. മരണങ്ങെള 'കോവിഡ് കാരണ'മുള്ളതെന്നും 'കോവിഡുമായി ബന്ധപ്പെട്ട'െതന്നും വേർതിരിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് ഇതോടെയാണ്. അതുവരെയും, വലിയൊരു കാലയളവിലെ മരണങ്ങൾ 'കോവിഡുമായി ബന്ധപ്പെട്ടത്' എന്ന പരിഗണന പോലും നൽകാതെ എഴുതിത്തള്ളുകയായിരുന്നു. അതേസമയം ഇൗ സംവിധാനത്തിലും പോരായ്മയുണ്ടെന്നാണ് വിമർശനങ്ങൾ.
ആകെ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ പകുതിയിലേറെ അഞ്ചോ ആറോ ജില്ലകളിൽ നിന്നാണ്. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ സംസ്ഥാനസർക്കാർ തുടക്കം മുതലേ കടുത്ത ശാഠ്യമാണ് പുലർത്തിപ്പോരുന്നത്. കോവിഡ് മൂലം ശാരീരികാവസ്ഥ മോശമായവർ പോലും പിന്നീട് നെഗറ്റിവായതിന് ശേഷം മരിച്ചാൽ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തില്ല. ജനകീയ ആരോഗ്യപ്രവർത്തകർ സമാന്തരമായി കോവിഡ് മരണങ്ങളുടെ പട്ടിക തയാറാക്കിയപ്പോഴും സർക്കാർ നിഷേധിച്ചു. സർക്കാർപട്ടികയിലെ കണക്കുമായി ഏറെ അന്തരമുണ്ടായിരുന്നു ഇൗ ബദൽ പട്ടികക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.