കോവിഡ് മരണം: സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും അപ്പീലും നാളെ മുതൽ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ഐ.സി.എം.ആറിന്‍റെയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ഐ.സി.എം.ആറിന്‍റെ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി വഴിയോ അക്ഷയ സെന്‍റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയില്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.
ആദ്യമായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
എങ്ങനെ അപേക്ഷിക്കണം?
ആദ്യമായി https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യണം.
ഇനി വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്‍റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍.
തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്‍ഡര്‍, പിതാവിന്‍റെയോ മാതാവിന്‍റെയോ ഭര്‍ത്താവിന്‍റെയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശ സ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്‍റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്‍റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്‍റെ വിവരങ്ങളും നല്‍കണം.
അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും ഒത്തുനോക്കിയ ശേഷം സബ്മിറ്റ് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷാ നമ്പര്‍ മൊബൈല്‍ നമ്പറിലേക്ക് വരുന്നതാണ്.
സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ല കോവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. ജില്ല കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാന്‍
അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്‍റെ മൊബൈല്‍ നമ്പരോ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും.
ഐ.സി.എം.ആര്‍ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?
https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറുക. ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈല്‍ നമ്പരും ഒ.ടി.പി. നമ്പരും നല്‍കണം.
തദ്ദേശ സ്ഥാപനത്തിന്‍റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി അപ് ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്‍റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും നല്‍കണം.
സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്‍റെ പേര്, തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്‍റെയോ മാതാവിന്‍റെയോ ഭര്‍ത്താവിന്‍റെയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്‍റെ പേര്, അപേക്ഷകന്‍റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പരില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും.
ഇത് അംഗീകാരത്തിനായി ജില്ല കോവിഡ് മരണ നിര്‍ണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.