കോവിഡ് മരണം: മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ രീതിയിൽ പരിപാലിച്ച് സംസ്കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മൃതദേഹത്തോട് മാന്യത പുലർത്തണമെന്ന് ഭരണഘടന അനുശാസിക്കുമ്പോഴും, നിലവിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങളോട് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകൾ നിർബന്ധമാക്കി 'കോവിഡ് പ്രോട്ടോകോൾ' എന്ന പേരിൽ അനാദരവ് കാട്ടുന്നില്ലേയെന്ന് പരിശോധിക്കണമെന്നും മുസ്‌ലിം സംഘടനാ നേതാക്കളും ഡോക്ടർമാരും ഒപ്പിട്ട നിവേദനത്തിൽ പറഞ്ഞു.
കൃത്യമായി ദേഹ സുരക്ഷാ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത ജീവനുള്ളയാളിൽ നിന്നും പകരുന്നതിനേക്കാൾ വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ സന്നദ്ധ പ്രവർത്തകർ തയാറുമാണ്.
വിദഗ്ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയർമാരെ ഉപയോഗിച്ച് മതാചാര പ്രകാരം മൃതദേഹം കുളിപ്പിക്കാനും മറവുചെയ്യാനുമുള്ള ഇളവ് അനുവദിക്കണം. മൃതദേഹം കുളിപ്പിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഹോസ്പിറ്റലുകളിൽ ഒരുക്കുകയോ ഹോസ്പിറ്റലുകൾക്ക് സമീപം ഇത് ചെയ്യാൻ കഴിയുന്ന സന്നദ്ധസംഘടനകൾക്ക് അനുവാദം നൽകുകയോ ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾക്ക് പുറമേ കഫൻ ചെയ്ത (തുണികൊണ്ട് പൊതിഞ്ഞ) മൃതദേഹം പ്ലാസ്റ്റിക് ബോഡി ബാഗുകളിൽ പൊതിഞ്ഞുകൊണ്ട്, ഖബറിലും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൊണ്ടുമുള്ള പരിപൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തി, കൃത്യമായി ഖബറിലേക്ക് വെക്കാൻ അനുവദിക്കണം. മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കാണുന്നതിന് വിരോധമില്ല എന്ന ഡബ്ല്യു.എച്ച്.ഒ പ്രോട്ടോകോൾ പ്രാബല്യത്തിൽ വരുത്തണം. എന്നാൽ, സ്പർശനവും ചുംബനവും ഒഴിവാക്കുകയും ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യണമെന്ന നിബന്ധന കർശനമായി പാലിച്ചുകൊണ്ടായിരിക്കണം.
ഇതുപ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രോട്ടോക്കോളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, എ.പി. അബൂബക്കർ മുസ്ലിയാർ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, എം.സി. മായിൻ ഹാജി, ടി.പി. അബ്ദുള്ളക്കോയ മദനി, എം.ഐ. അബ്ദുൽ അസീസ്, തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, എ. നജീബ് മൗലവി, ടി.കെ. അഷറഫ്, സി.പി. ഉമർ സുല്ലമി, അബുൽ ഹൈർ മൗലവി, അബ്ദുൽ ശുക്കൂർ അൽഖാസിമി, വി.എച്ച്. അലിയാർ കെ. ഖാസിമി, ഡോ. പി.സി. അൻവർ, ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഡോ. ഇദ്രീസ് വി., ഡോ. അബ്ദുൽ അസീസ്, ഡോ. എ.കെ. അബ്ദുൽ ഖാദർ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.