കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നൽകാൻ വെബ്സൈറ്റ് സജ്ജം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ ഇനി പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document), അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ ആയതിന്‍റെ പകർപ്പ് എന്നിവ നൽകണം.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ അപേക്ഷകർ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും.
ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കോവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമർപ്പിച്ച അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.