കൊവിഡ് മരണങ്ങൾ: മൃതദേഹ സംസ്കരണത്തിന് വഴിയുണ്ടാക്കണം -സമസ്ത നേതാക്കൾ
text_fieldsകോഴിക്കോട്: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരെ അർഹിക്കുന്ന ആദരവ് നൽകി സംസ്കരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് സമസ്ത നേതാക്കൾ.
മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗപ്പകർച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നാണ് ചില പഠനങ്ങളിൽ വ്യക്തമാക്കപ്പെട്ടത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷെൻറ (W.H.O ) കൊവിഡ് മാർഗ നിർദ്ദേശത്തിൽ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പി.പി.ഇ കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളൂ. അല്ലെങ്കിലും കർശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാൻ കഴിയും. ആശുപത്രികളോടനുബന്ധിച്ച് സർക്കാർ തലത്തിലോ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയോ കർശന വ്യവസ്ഥകൾ വെച്ചു കൊണ്ട് തന്നെ സൗകര്യം ഒരുക്കാവുന്നതേയുള്ളു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടൻ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജീവിതകാലം മുഴുവൻ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തിൽ സംസ്കരിക്കപ്പെടുന്നത് ക്രൂരതയാണ്.വേണ്ട വിധം പരിചരിക്കാൻ ആളില്ലാതെ ദിവസങ്ങളോളം രോഗിയായിക്കിടന്ന് മലവും മൂത്രവും അതെപടി ശരീരത്തിൽ നിലനിർത്തിയാണ് കൊവിഡ് മൃതദേഹങ്ങൾ പലതും അടക്കപ്പെടുന്നത്. മരണപ്പെട്ടാൽ മാന്യമായൊരു യാത്രയയപ്പ് മനുഷ്യൻ്റെ അവകാശമാണ്. ഓരോ മതങ്ങളും ഇക്കാര്യത്തിൽ നിഷ്കർഷത പാലിക്കുന്നുണ്ട്.
കൊവിഡ് രോഗം പിടിപെട്ടവർക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല. അവർ കുളിച്ച വെള്ളം പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാൽ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. വസ്തുതകൾ ഇങ്ങനെയെല്ലാമായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് പ്രതിഷേധാർഹമാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, സത്താർ പന്തലൂർ, നാസർ ഫൈസി കൂടത്തായി, ബശീർ ഫൈസി ദേശമംഗലം, എംപി കടുങ്ങല്ലൂർ, ഹബീബ് ഫൈസി കോട്ടോപാടം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.