കോവിഡ്: സംസ്ഥാനത്ത് ഞായറാഴ്ച സ്ഥിരീകരിച്ചത് ഒമ്പത് മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 927 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച ഞായറാഴ്ച ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് റോഡിലെ പരേതനായ കല്ലുങ്ങലകത്ത് കുഞ്ഞുട്ടി മുസ്ലിയാരുടെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുൽ ഖാദർ ഹാജി (70), തൃശൂര്‍ ജില്ലയിലെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വര്‍ഗീസ് (71) എന്നിവരുടെ മരണങ്ങളാണ് വാർത്തക്കുറിപ്പിൽ സ്ഥിരീകരിച്ചത്. എന്നാൽ, രാത്രിയോടെ ഏഴു മരണംകൂടി കോവിഡ് മൂലമാണെന്ന് വ്യക്തമായി. കോഴിക്കോട് ഒാമശ്ശേരി മേലാനിക്കുന്നത്ത് എം.കെ.സി. മുഹമ്മദ് (61), ആലപ്പുഴയിലെ കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ വലിയകുളം വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ശാരദാമ്മ (79), കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് തെക്കേടത്ത് പുഷ്കരി (80), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (64), പത്തനംതിട്ട സ്വദേശി മോഹൻദാസ് (73), കോട്ടയം ചുങ്കം നെടുമാലിയിൽ ഔസേഫ് ജോർജ് (85), മലപ്പുറം തുവ്വൂർ മൂന്നുകണ്ടൻ ഹുസൈൻ (65) എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇതോടെ ആകെ കോവിഡ് മരണം 68 ആയി.
ഞായറാഴ്ച കോവിഡ് ബാധിച്ചവരിൽ 733 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗപ്പകർച്ച. 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 689 പേരാണ് രോഗമുക്തി നേടിയത്. 16 ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂരിൽ നാല് ബി.എസ്.എഫ് ജവാന്മാർക്കും ആലപ്പുഴയിൽ ഒരു ഐ.ടി.ബി.പി ജവാനും കണ്ണൂരിൽ ഡി.എസ്.സി ജവാനും രോഗം ബാധിച്ചു. 9655 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9302 പേര് ഇതുവരെ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 19,025 ആയി.
അബ്ദുൽ ഖാദറിന് കോവിഡ് ബാധിച്ച ഉറവിടം കണ്ടെത്താനായിട്ടില്ല. ഭാര്യ: സഫിയ്യ. മക്കൾ: ശബീർ, സാദിഖ് (ബംഗളൂരു), ശഫീഖ്, ശിഫ, ശാക്കിറ. മരുമക്കൾ: ഒ.കെ. ജഅഫർ (ഊരകം), സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി (കൊടിഞ്ഞി), ശബീബ, നാജിയ, നസ്റീന. എം.കെ.സി. മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിെൻറയും രോഗ ഉറവിടം വ്യക്തമല്ല. ഭാര്യ: ജമീല. മക്കൾ: ജംഷീർ, നിസാർ. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച കരിക്കാംകുളം കൊളക്കാട്ട് വയൽ ഷാഹിദ (53), കുറ്റ്യാടി കായക്കൊടി തളീക്കര കാര്യപ്പറമ്പത്ത് ബഷീര്‍ (53) എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.