കോവിഡ് പ്രതിരോധം: 4 കോടി എം.എൽ.എ ഫണ്ട് മോൻസ് ജോസഫ് സർക്കാറിന് കൈമാറി
text_fieldsകുറവിലങ്ങാട്: കോവിഡിന്‍റെയും വിവിധ സാംക്രമിക - പകർച്ചവ്യാധി രോഗങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചതിനോട് സഹകരിച്ച് കൊണ്ട് ഈ വർഷത്തെ കടുത്തുരുത്തി നിയോജക മണ്ഡലം ആസ്തി വികസന എം.എൽ.എ ഫണ്ടിൽ നിന്ന് 4 കോടി രൂപ സർക്കാറിന് കൈമാറിക്കൊണ്ട് കത്ത് നൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പ്രഥമ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് അഭ്യർഥന നടത്തിയത് പ്രകാരമാണ് സർക്കാരുമായി സഹകരിച്ച് കൊണ്ട് എം.എൽ.എ ഫണ്ട് നൽകാൻ നടപടി സ്വീകരിച്ചതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
ജില്ലാ ആശുപത്രിയെ കൂടാതെ താലൂക്ക് ആശുപത്രികളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുമാണ് ഇക്കാര്യത്തിൽ സർക്കാർ പരിഗണിച്ചിട്ടുള്ളത്. ഇതു പ്രകാരം കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഐസലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിന് കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളായ അറുന്നൂറ്റിമംഗലം, കടപ്ലാമറ്റം എന്നി ഗവ: കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പേരുകൾ സർക്കാറിലേക്ക് നൽകിയതായി എം.എൽ.എ വ്യക്തമാക്കി.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വിവിധ ആശുപത്രികളുടെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്ന എൻ.എച്ച്.എം ഫണ്ട്, ആർദ്രം പദ്ധതി, ആരോഗ്യ വകുപ്പിന്‍റെ സ്പെഷ്യൽ ഫണ്ട്, എം.എൽ.എ ഫണ്ട്, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് നടപ്പാക്കിയിട്ടുള്ളത്. ഇനി നടക്കാനിരിക്കുന്ന ഭാവി വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജനകീയ വികസന യോഗം ഉടനെ വിളിച്ച് ചേർക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.
ഈ വർഷത്തെ എം.എൽ.എ ഫണ്ട് 4 കോടി രൂപ ആശുപത്രി വികസന കാര്യത്തിൽ വിനിയോഗിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച ചെയ്ത് ആവശ്യമായ തുടർ നടപടികൾ ഉടനെ കൈക്കൊള്ളുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.