കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കടയടപ്പിൽ മാത്രം ഒതുങ്ങുന്നതായി ആക്ഷേപം
text_fieldsചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കടയടപ്പിൽ മാത്രം ഒതുങ്ങുന്നതായി പരാതി. നഗരസഭ പ്രദേശത്ത് എട്ടോളം വാർഡുകൾ ആഴ്ചയിൽ തുടർച്ചയായി കണ്ടെയ്ൻമെന്‍റ് സോണുകളായി മാറുന്നുണ്ട്. ഇവയിൽ ചിലത് ആവർത്തിച്ച് മൂന്നാഴ്ച വരെ കണ്ടെയ്ൻമെന്‍റ് സോണായി തുടരുകയാണ്.
വാർഡുകളിലെ റോഡുകൾ ഒരു ഭാഗത്തും അടയ്ക്കാതെ കടകളും സ്വകാര്യ സ്ഥാപനങ്ങളും മാത്രമടപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന ആക്ഷേപമുയരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നതിനാൽ ഉടമകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
കടമുറികളുടെ വാടക, സ്റ്റോക്കുകൾ നശിക്കുന്നതിലുള്ള നഷ്ടം തുടങ്ങി വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് വ്യാപാരികൾക്ക് നേരിടേണ്ടി വരുന്നത്. തുടർച്ചയായി സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമ്പോൾ ജീവനക്കാർക്ക് ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലായെന്ന പരാതിയുമുണ്ട്. പല വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വരുമായി ബന്ധപ്പെട്ട വരുമാന മാർഗ്ഗവും നിലയ്ക്കുകയാണ്.
അടച്ചിടുന്ന കടകളിൽ എലികൾ ഉൾപ്പെടെ കയറി നാശനഷ്ടം വരുത്തുന്നതിനാൽ ഇടയ്ക്ക് വൃത്തിയാക്കുന്നതിനു വേണ്ടി അകത്ത് കയറാൻ പോലും കഴിയാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനായി അകത്തു കയറി വ്യാപാരികൾക്ക് അധികാരികളിൽ നിന്നും പിഴ ലഭിച്ചതായും പരാതി ഉണ്ട്. നഗരമദ്ധ്യത്തിലെ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ വാർഡുകൾ തുടർച്ചയായി അടക്കാതെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോണാക്കി രോഗികൾ ഉള്ള ഭാഗം മാത്രമാക്കി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, കളക്ടർ , ഡി.എം.ഒ, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിട്ടും തുടർ നടപടി സ്വീകരിച്ചില്ലെന്നു നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.
കടകൾ മാത്രമായി അടച്ചു കൊണ്ടുള്ള പ്രതിരോധ പ്രവർത്തനം നീതിയ്ക്ക് നിരക്കാത്തതാണ്. വ്യാപാരികളുടേയും വിവിധ സ്ഥാപന ഉടമകളുടേയും, ജീവനക്കാരുടേയും പ്രതിസന്ധിയകറ്റാൻ നിലവിൽ നിയമാനുസരണമുള്ള മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺ സംവിധാനം നഗരസഭയിലും നടപ്പിലാക്കാൻ തയ്യാറാകണമെന്നും കെ.ഷിബു രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.