കോവിഡും തെരഞ്ഞെടുപ്പും പരീക്ഷ മൂല്യനിർണയവും; ഡ്യൂട്ടിക്ക് മുകളിൽ ഡ്യൂട്ടിയെന്ന പരാതിയുമായി അധ്യാപകർ
text_fieldsകോഴിക്കോട്: കോവിഡ് സമയത്ത് ഡ്യൂട്ടിക്ക് മുകളിൽ ഡ്യൂട്ടിയാണെന്ന പരാതിയുമായി അധ്യാപകർ. ഹയർ സെക്കൻഡറി അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ നിയോഗിച്ചുകൊണ്ടുള്ള ജില്ല കലക്ടറുടെ ഉത്തരവും ഇലക്ഷൻ കൗണ്ടിങ്ങ് ചുമതലയും ഹയർ സെക്കൻഡറി മൂല്യനിർണയവും ഒരുമിച്ച് വന്നതാണ് അധ്യാപകരെ വലക്കുന്നത്.
ഹയർ സെക്കൻഡറി പൊതു പരീക്ഷ അവസാനിച്ചത് ഏപ്രിൽ 26നാണ്. തൊട്ടുടനെ ഏപ്രിൽ 27ന് കൗണ്ടിങ് അസിസ്റ്റൻ്റുമാരായി നിയമിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവും അധ്യാപകർ കൈപ്പറ്റി. ഏപ്രിൽ 28ന് വോട്ടെണ്ണൽ പരിശീലന ക്ലാസുകളിലും അധ്യാപകർ പങ്കെടുക്കണം. അടുത്ത ദിവസങ്ങളിലായി കൗണ്ടിങ്ങിന് മുന്നോടിയായുള്ള കോവിഡ് ടെസ്റ്റുകൾക്കും അധ്യാപകർ വിധേയരാവണം.
മേയ് രണ്ടിന് വോട്ടെണ്ണൽ കഴിഞ്ഞാൽ മേയ് അഞ്ചിന് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുകയാണ്. ഏപ്രിൽ 27ന് തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ ചുമതല ഏറ്റെടുക്കണമെന്നാണ് കലക്ടറുടെ നിർദേശം. ചില തദ്ദേശ സ്ഥാപനങ്ങളിൽ വളരെ ദൂരെയുള്ള അധ്യാപകരെ നിയമിച്ചതും പ്രയാസത്തിനിടയാക്കുന്നുവെന്ന് അധ്യാപകർ പറയുന്നു.
അധ്യാപകർക്ക് അവർ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ചുമതല നൽകാതെ വളരെ ദൂരത്തുള്ള സ്ഥാപനങ്ങളിലാണ് ചുമതല നൽകിയതെന്ന് പലരും വിമർശനമുയർത്തുന്നു. കോവിഡ് രൂക്ഷമായ സമയത്ത് ദിവസവും ഏറെ ദൂരം സഞ്ചരിക്കുന്നത് കോവിഡ് ഭീഷണിയും ഉയർത്തുന്നുവെന്ന് അധ്യാപകർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.