കോവിഡ്: സ്വകാര്യ ആശുപത്രികളുടെ പകൽക്കൊള്ളക്കെതിരെ ഹൈകോടതി; 'അമിത നഴ്സിങ് ചാർജും കൺസൾട്ടിങ് ഫീസും നിയന്ത്രിക്കണം'
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കാര്യക്ഷത ഉറപ്പാക്കാൻ ഹൈകോടതിയുടെ നിർദേശങ്ങൾ. ചികിത്സ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയുടെ സ്പെഷൽ സിറ്റിങ്ങിനിടെയാണ് വ്യാഴാഴ്ച വാദംകേട്ട ഡിവിഷൻ ബെഞ്ച് നിർദേശങ്ങൾ മുന്നോട്ടുെവച്ചത്.
പി.പി.ഇ കിറ്റുൾപ്പെടെയുള്ളവക്ക് ഒാരോ രോഗിയിൽനിന്നും ചാർജ് വാങ്ങരുത്. കോവിഡ് ബാധിതർക്ക് മറ്റു ശാരീരികപ്രശ്നമുണ്ടെന്ന പേരിലാണ് അമിത നിരക്ക് ഇൗടാക്കുന്നത്. മരുന്നിന് യഥാർഥവിലയേ ഈടാക്കാവൂ. അമിത നഴ്സിങ് ചാർജും കൺസൾട്ടിങ് ഫീസും നിയന്ത്രിക്കണം. ആശുപത്രികളുടെ പ്രവർത്തന മേൽനോട്ടത്തിന് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.
എവിടെയൊക്കെ ഐ.സി.യു, വെൻറിലേറ്റർ സൗകര്യം ഉണ്ടെന്ന് അറിയാനുള്ള പൊതുവായ ഒരു ടോൾ ഫ്രീ നമ്പർ വേണമെന്നും ജില്ലകൾ തോറും വേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. ഇതിന് ഐ.ടി വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നൽകണം.
പല വിഭാഗങ്ങളായി തിരിച്ചിട്ടുള്ള രോഗികളെ കൃത്യമായി കൈകാര്യം ചെയ്യാനായാൽ ആശുപത്രികളിലെ തിരക്ക് കുറക്കാനാവും.
എം പാനൽ ആശുപത്രികളിൽ സർക്കാർ നിർദേശപ്രകാരം നീക്കിവെച്ച 50 ശതമാനം ബെഡുകൾ ഒഴികെയുള്ളവയിൽ നിരക്ക് നിയന്ത്രണമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. എം പാനൽ ചെയ്യാത്ത ആശുപത്രികൾ 50 ശതമാനം ബെഡുകൾ േകാവിഡ് ചികിത്സക്ക് നീക്കിവെക്കുന്നുണ്ടോയെന്നും അറിയിക്കണം. രോഗികൾ നേരിട്ടെത്തുന്നത് എം പാനൽ ചെയ്യാത്ത ആശുപത്രികളിലേക്കായതിനാൽ ഇവിടങ്ങളിലെ നിരക്കും നിയന്ത്രിക്കണം. പ്രവർത്തിക്കാതെ കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കാനാവുമോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ ആശുപത്രികളിലെയും 50 ശതമാനം ബെഡുകൾ ഏറ്റെടുക്കുന്നത് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാറിന് കോടതി സമയം അനുവദിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചികിത്സച്ചെലവ് നിയന്ത്രിക്കാൻ അസാധാരണ നടപടി വേണ്ടിവരും. കോവിഡ് ബാധിതർക്ക് മികച്ച ചികിത്സ നൽകണം. രോഗി സമ്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കാതെതന്നെ എല്ലാവർക്കും മികച്ച ചികിത്സ ലഭിക്കണം. ഫ്രീ മാർക്കറ്റല്ല, ഫിയർ (ഭയം) മാർക്കറ്റാണിതെന്നും സ്വകാര്യ ആശുപത്രികൾ സാഹചര്യം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പെരുമ്പാവൂരിലെ ഹ്യൂമൻ റൈറ്റ്സ് ഫോറം ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു പി. ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ചികിത്സച്ചെലവ് നിയന്ത്രിക്കുന്നതിൽ സർക്കാർ മൂന്ന് ദിവസത്തിനകം തീരുമാനമറിയിക്കാൻ നിർദേശിച്ച കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം കോവിഡിനോട് പൊരുതാൻ ഉപയോഗിക്കുമ്പോൾ സ്വകാര്യമേഖലക്കും കുറച്ച് വിട്ടുവീഴ്ച ചെയ്യാം. ആന്ധ്രയിൽ സർക്കാർ കോവിഡ് ചികിത്സാനിരക്ക് നിയന്ത്രിച്ച് ഏപ്രിൽ 30 ന് ഉത്തരവിറക്കിയിരുന്നു. ഇത് പരിഗണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കോവിഡ് ചികിത്സാനിരക്ക് കുറക്കാൻ മേയ് ഒന്നിനും അഞ്ചിനും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുമായി നടത്തിയ ചർച്ചകളിൽ തീരുമാനമുണ്ടായില്ലെന്നും മൂന്നുദിവസത്തിനകം തീരുമാനമെടുക്കാനാവുമെന്നും സർക്കാർ അറിയിച്ചു. ആശുപത്രികളിൽ നിലവിലെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കാനാണ് തീരുമാനം. ഒരുതവണകൂടി മാനേജ്മെൻറുകളുമായി ചർച്ച നടത്തും. അമിത നിരക്ക് ഇൗടാക്കുന്നതിനെതിരായ പരാതികൾ പരിഗണിക്കാനായി ജില്ലതലത്തിൽ അതോറിറ്റിയെ നിയോഗിക്കുമെന്നും അപ്പീലിന് സംസ്ഥാനതല അതോറിറ്റിയുണ്ടാകുമെന്നും സ്േറ്ററ്റ് അറ്റോണി കെ.വി. സോഹൻ വിശദീകരിച്ചു.
സംസ്ഥാന അതോറിറ്റിയുടെ തീരുമാനത്തിനെതിരെ കോടതിയിൽ പുനഃപരിശോധന ഹരജി നൽകാനേ സാധ്യമാകൂവെന്നും വിശദീകരിച്ചു. ഇൗ ശ്രമങ്ങളെ ഹൈകോടതി പ്രശംസിച്ചു.
സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഇൗടാക്കിയെന്ന് ആരോപിച്ചുള്ള പരാതികൾക്കൊപ്പം ലഭിച്ച ബില്ലുകൾ ഹൈകോടതി സ്വമേധയാ ഹാജരാക്കി. ആശുപത്രികളുടെ പേരുകൾ മറച്ചാണ് ഹാജരാക്കിയത്. ചില ബില്ലുകളിൽ രണ്ട് ദിവസത്തെ പി.പി.ഇ കിറ്റിന് 16000 - 17000 രൂപയും രണ്ടുദിവസത്തെ ഒാക്സിജൻ ചാർജ് 45,600 രൂപയുമെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.