കോവിഡ് വ്യാപനം; വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം
text_fieldsകണ്ണൂർ: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിക്കാൻ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.
ഇതിെൻറ പശ്ചാത്തലത്തിലാണ് അതത് ജയിൽ സുപ്രണ്ടുമാർക്ക് ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ ഉത്തരവ്. ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ജയിലുകളിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ റിമാൻഡ്/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികൾക്കാണ് ഇടക്കാല ജാമ്യം അനുവദിക്കുക. കോവിഡ് രോഗത്തിെൻറ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് നടപടിയെന്നും ജയിൽ ഡി.ജി.പി ഇറക്കിയ ഉത്തരവിൽ പറയുന്നു.
സർക്കുലർ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നൽകി വിട്ടയക്കും. ഇങ്ങനെ ജാമ്യം നൽകി വിട്ടയച്ചവരുടെ വിശദ വിവരങ്ങൾ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം.
ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന് അർഹത ഉണ്ടായിരിക്കില്ല. ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത് സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച വന്നാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
തടവുകാർക്കും ജീവനക്കാർക്കുമിടയിൽ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കൂടുതൽ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 600 ഓളം തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ജീവനക്കാർക്കും തടവുപുള്ളികൾക്കും മാസ്ക് നിർബന്ധമാക്കിയുള്ള സർക്കുലറും കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. കോവിഡ് രോഗ ലക്ഷണമുള്ളവരെ പ്രത്യേകം ബ്ലോക്കിൽ മാറ്റിപാർപ്പിക്കണമെന്നും ജീവനക്കാരും ജയിലിനുള്ളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.