കോവിഡ് വ്യാപനം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആ.ർടി) ശക്തിപ്പെടുത്തും. വളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും.
കുടുംബശ്രീ പ്രവർത്തകരെക്കൂടി ഇതിൽ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കി. വ്യാപനം കൂടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കും.
ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള ജില്ലകളിൽ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനിൽ ചേരണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി 20ൽ കൂടുതലുള്ള ജില്ലകളിൽ 50പേരിൽ കൂടുതൽ ഒന്നിച്ചുചേരാൻ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവർക്ക് ഓൺലൈനിൽ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗത്തോടൊപ്പം എൻ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നർദേശിച്ചു.
വാർഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കണം. കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവൽക്കരണ പ്രവർത്തനങ്ങൾ ജനുവരി 28നകം പൂർത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.