കോവിഡ്: പുതിയ വകഭേദങ്ങളിൽ അത്ഭുതപ്പെടാനില്ലെന്ന് വിദഗ്ധർ
text_fieldsതിരുവനന്തപുരം: വ്യാപനതീവ്രതയുടെ പേരിൽ ഭയപ്പെടുത്തുന്ന പ്രചാരണങ്ങളുണ്ടെങ്കിലും പുതിയ കോവിഡ് വകഭേദമായ ജെ.എൻ -1ൽ പനിയുടെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങളേയുള്ളൂവെന്ന് ആരോഗ്യവിദഗ്ധർ.
തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുച്ചിപ്പള്ളിയിലുമടക്കം രാജ്യത്ത് റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായത്.
തിരുവനന്തപുരത്ത് വയോധികക്കാണ് രോഗബാധയുണ്ടായതെങ്കിലും വേഗം രോഗമുക്തി നേടി. സമ്പർക്കം പുലർത്തിയ മറ്റുള്ളവരിൽ സമാന വൈറസ് വകഭേദം ഇതുവരെയും കണ്ടെത്തിയിട്ടുമില്ല. ആദ്യ തരംഗങ്ങളില്കണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങളും ഉപവകഭേദത്തിലില്ല. കോവിഡിന് പുതിയ വകഭേദങ്ങളുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും എല്ലാ മഹാമാരികളും (പാൻഡമിക്) തുടർ പടർച്ച സ്വഭാവമുളളതും സ്ഥിരവും നിലനിൽക്കുന്നതുമായ ‘എൻഡമിക്കു’കളായി അവശേഷിക്കുമെന്നും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി. ഇഖ്ബാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഒന്നാം ലോക മഹായുദ്ധകാലത്താണ് ഫ്ലൂ മഹാമാരി പടരുന്നത്. കേരളത്തിലടക്കം ഫ്ലൂ ബാധിച്ച് ഇപ്പോഴും ആളുകൾ മരണമടയുന്നുണ്ട്. ഫ്ലൂവിന് വാക്സിൻ മാത്രമല്ല, ആന്റിവൈറൽ മരുന്നുമുണ്ട്. കോവിഡിന് വാക്സിനുണ്ടെങ്കിലും മരുന്നില്ല. ലക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സയാണ് കോവിഡിനുള്ളത്.
വൈറസുകൾക്ക് ജീവശാസ്ത്രപരമായ പരിണാമമുണ്ട്. പടരുക, പരമാവധി പെരുകുക എന്നിവയാണ് ഇവയുടെ പൊതുസ്വഭാവം. ഇതാണ് പുതിയ കോവിഡ് ഉപവകഭേദമായ ജെ.എൻ -1-ലൂടെയും ആവർത്തിച്ചിരിക്കുന്നത്. കോവിഡിന്റെ പുതിയ വകദേഭങ്ങൾ യാഥാർഥ്യമാണെന്നിരിക്കെ മാസ്ക് ധരിക്കൽ ശീലമാക്കലാണ് പ്രതിരോധമെന്നും അദ്ദേഹം’ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.