കോവിഡ്: മൃതദേഹം സംസ്കരിക്കുമ്പോള്‍ ഭയം വേണ്ട; ജാഗ്രതയോടെ ആദരവ് കാട്ടാം
text_fieldsആലപ്പുഴ: കോവിഡ് പകരുന്നത് രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലെ വൈറസിലൂടെയോ മറ്റു പ്രതലങ്ങളില്‍ പറ്റിയ സ്രവങ്ങളിലെ വൈറസ് സ്പര്‍ശിക്കുന്നതിലൂടെ മറ്റുള്ളവരിലെത്തുമ്പോഴുമാണ്. കോവിഡ് ബാധിച്ച് മരിച്ചയാളില്‍നിന്ന് രോഗം പകരാൻ സാധ്യത വളരെ കുറവാെണന്ന് ജില്ല മെഡിക്കല്‍ ഓഫിസ് അറിയിച്ചു.
രോഗി മരിക്കുമ്പോള്തന്നെ സ്രവങ്ങള്‍ തുമ്മല്‍, ചുമ എന്നിവയിലൂടെ പുറത്തുവരുന്ന സാധ്യത ഇല്ലാതെയാകുന്നു. ദ്വാരങ്ങള്‍ പഞ്ഞിെവച്ച് അടച്ച് ശവശരീരത്തില്‍നിന്ന് സ്രവം പുറത്തുവരാനുള്ള സാധ്യത ഇല്ലാതെയാക്കുന്നു. മൃതദേഹം ബ്ലീച്ചിങ് ലായനിയില്‍ കഴുകി അണുമുക്തമാക്കിയശേഷം രണ്ട് പാളി പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ചോര്‍ച്ച പ്രതിരോധിക്കുന്ന പ്ലാസ്റ്റിക് കവറില്‍ അടച്ചനിലയിലാണ് ആശുപത്രിയില്‍നിന്ന് വിട്ടുകൊടുക്കുന്നത്.
കവറിനു പുറത്തും ബ്ലീച്ചിങ് ലായനി തളിക്കുന്നു. അത്രയും സുരക്ഷിതമായി മൃതദേഹം അണുമുക്തമാക്കിയിരിക്കും. മൃതദേഹം ഒരു മീറ്റര്‍ അകലെനിന്ന് മാസ്ക് ധരിച്ച് സുരക്ഷയുറപ്പാക്കി കാണുന്നതിനും അത്യാവശ്യ ആചാരങ്ങള്‍ നടത്തുന്നതിനും അപകടമില്ല.
മരണാനന്തര ചടങ്ങില്‍ ഏറ്റവും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുക. രോഗിയുടെ വീട്ടിലെ അംഗങ്ങളും ഒരു പക്ഷേ, രോഗവാഹകരാകാം, മൃതദേഹം കത്തിക്കുന്നതിനും 10 അടി ആഴത്തില്‍ കുഴിച്ചിടുന്നതിനും തടസ്സമില്ല. സംസ്കാരം നിർദേശമനുസരിച്ച് നടത്തുന്നതിലൂടെ ആര്‍ക്കും രോഗബാധ ഉണ്ടാകില്ല. മൃതദേഹം കത്തിക്കുമ്പോഴുള്ള പുകയിലൂടെയോ കുഴിച്ചിടുമ്പോള്‍ മണ്ണിലൂടെ ജലത്തില്‍ കലര്‍ന്നോ രോഗപ്പകര്‍ച്ച ഉണ്ടാകില്ല. എന്നാല്‍, മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവെക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.