തൃശൂർ മെഡിക്കൽ കോളജിലെ 53 വിദ്യാർഥികൾക്ക് കോവിഡ്
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂർ ഗവ. മെഡിക്കൽ കോളജിലെ 53 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് കോവിഡ്. രണ്ടും മൂന്നും വർഷങ്ങളിലെ 39 വിദ്യാർഥികൾക്കും 14 ഡെൻറൽ വിദ്യാർഥികൾക്കുമാണ് രോഗം. ഇതോടെ രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചു. രോഗബാധിതരെല്ലാം പുരുഷ ഹോസ്റ്റലിലുള്ളവരാണ്. ഗുരുതര പ്രശ്നങ്ങളുള്ള 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി വിദ്യാർഥികളെ വീട്ടിലയച്ചു.
നേരേത്ത ഇതേ ഹോസ്റ്റലിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്ന് പകർന്നതാവുമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിെൻറ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് സുരക്ഷ മുൻകരുതലുകളെടുത്തു. 75 പേർ സമ്പർക്ക വിലക്കിലാണുള്ളത്. രോഗബാധിതരിൽ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവരാണ്. വിവിധ സെമസ്റ്റർ പരീക്ഷകൾ നടക്കുന്നതിനാൽ ഹോസ്റ്റൽ പൂർണമായി അടച്ചിട്ടില്ല. മറ്റ് ഹോസ്റ്റലുകളിലും മെസുകളിലും കർശന നിയന്ത്രണവും പരിശോധനയും നടത്തുന്നുണ്ട്. 453 വിദ്യാർഥികളിലായിരുന്നു പരിശോധന നടത്തിയത്.
ആശുപത്രി പരിസരത്തുള്ള ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു ജീവനക്കാരൻ ഞായറാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. കൗണ്ടർ ക്ലർക്ക് ചൂലിശേരി തൈവളപ്പിൽ പി.വി. സജീവനാണ് (42) മരിച്ചത്. ഇവിടെ അറുപതോളം ജീവനക്കാരുണ്ട്. രോഗബാധയെ തുടർന്ന് കോഫി ഹൗസ് അടച്ചു. ശസ്ത്രക്രിയ വാർഡിലുണ്ടായിരുന്ന പത്തുപേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
അമല മെഡിക്കൽ കോളജിൽ അഞ്ചും ജൂബിലി മിഷനിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മെഡിക്കൽ കോളജിലുമായി ആയിരത്തോളം പേരിൽ പരിശോധന നടത്തി. എല്ലാ മെഡിക്കൽ കോളജിലും വ്യാപക പരിശോധന നടത്താൻ നിർദേശിച്ചതായി ഡി.എം.ഒ ഡോ. കെ.ജെ. റീന അറിയിച്ചു. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും സ്ഥിരം പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.