കോവിഡ്: പരിശോധനക്കും നിരീക്ഷണത്തിനും നിർദേശം; ആശങ്ക വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടിവരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവർ കുറവാണ്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കോവിഡ് ലക്ഷണമുള്ളവര്‍ പരിശോധന നടത്തണം. സംസ്ഥാനത്തെ കോവിഡിന്‍റെയും പകര്‍ച്ചവ്യാധികളുടെയും സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണം. പനി ബാധിതര്‍ ഏതുതരം പനിയാണെന്ന് ഉറപ്പുവരുത്തണം. നീണ്ടുനില്‍ക്കുന്ന പനിക്ക് വിദഗ്ധ ചികിത്സ തേടണം. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വാക്‌സിനെടുത്തെന്ന് ഉറപ്പാക്കണം. എലിപ്പനി, ഡെങ്കിപ്പനി എന്നിവക്കെതിരെ ജാഗ്രത തുടരും. മെഡിക്കല്‍ ഓഫിസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ പരിശോധന നടത്തണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും വേണമെന്ന് നിര്‍ദേശം നല്‍കി.
22 ശതമാനം പേർ മുൻകരുതൽ ഡോസ് എടുത്തു
സംസ്ഥാനത്ത് 18 വയസ്സ് മുതലുള്ള 88 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനെടുത്തു. 22 ശതമാനം പേർ മുൻകരുതൽ ഡോസും എടുത്തു. 15 മുതല്‍ 17 വയസ്സ് വരെയുള്ള 83 ശതമാനം പേർക്ക് ആദ്യ ഡോസും 55 ശതമാനം പേർക്ക് രണ്ടാം ഡോസും നല്‍കി. 12 മുതല്‍ 14 വയസ്സ് വരെ 56 ശതമാനം പേർക്ക് ആദ്യ ഡോസും 17 ശതമാനംപേർക്ക് രണ്ടാം ഡോസും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.