കോവിഡ് കാല കൊള്ള: പുറത്തുവന്നത് ചെറിയ ഭാഗം മാത്രം
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മറവിൽ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ സർവിസസ് കോർപറേഷനിലെയും ലോബി നടത്തിയ കൊള്ളയുടെ ചെറിയഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ മാത്രം ഒതുങ്ങുന്നതല്ല വിവാദം. ഗ്ലൗസുകൾ അടക്കം വാങ്ങിയതിലും ആക്ഷേപമുണ്ട്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ ന്യായീകരിക്കുമ്പോഴും ആരോപണങ്ങൾ സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫിസും ഗൗരവത്തോടെയാണ് കാണുന്നത്. ഒരു വിദേശ ഏജൻസി മറ്റൊരു വിദേശ രാജ്യത്തിന് സംഭാവനയായി നൽകിയ ഗ്ലൗസടക്കം അടിയന്തര സാഹചര്യത്തിൽ വാങ്ങിയെന്നാണ് ആരോപണം. ചില ഇടപാടുകൾ ഒരു കോടി രൂപയുടേത് വരെയായിരുന്നു. 50 ലക്ഷം വരെ മുൻകൂറായി നൽകി. പലതും കുറഞ്ഞ ഗുണനിലവാരം മൂലം ഉപയോഗശൂന്യമായെന്നും കണ്ടെത്തിയിരുന്നു.
മുമ്പ് ഉയർന്ന തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചശേഷവും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പിൽ സ്വാധീനം ചെലുത്തിയിരുന്നു. ഇദ്ദേഹവും അന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ചിലരും മെഡിക്കൽ സർവിസ് കോർപറേഷനിലെ ഉന്നതരും ഇടപാടിൽ പങ്കാളികളാണെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ചില ചാനലുകൾ വഴി അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യത്തെക്കുറിച്ച് വാർത്ത വരുത്തലാണ് ഇടനിലക്കാരുടെ ആദ്യ നടപടി. തുടർന്നാണ് അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് നീക്കം നടത്തിയത്. ടെൻഡർ വിളിക്കുകയോ വാങ്ങുന്നവയുടെ ഉപയോഗക്ഷമത പരിശോധിക്കുകയോ ഉണ്ടായില്ല.
വാങ്ങിയ ശേഷം അത് ഉപയോഗിച്ചോ എന്നും അന്വേഷിച്ചില്ല. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് എല്ലാം നടന്നതെന്ന വാദം അദ്ദേഹത്തെയും ഓഫിസിനെയും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന് സി.പി.എം കരുതുന്നു. കോവിഡ് കാല ഉന്നതതല യോഗങ്ങളിൽ ഉപകരണ ക്ഷാമമുണ്ട്, ഓർഡർ നൽകട്ടേ എന്ന ചോദ്യമാണ് വകുപ്പിൽനിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ 'വേണ്ടത് ചെയ്യൂ'വെന്ന മറുപടിയാണ് എല്ലാം പിണറായി വിജയൻ അറിഞ്ഞെന്ന വ്യാഖ്യാനത്തിന് കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.