ചുവപ്പുനാടയിൽ കുരുങ്ങി കോവിഡ് ധനസഹായം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് ലഭിക്കേണ്ട 5,000 രൂപ പ്രതിമാസ ധനസഹായം ചുവപ്പുനാടയിൽ കുരുങ്ങി അനിശ്ചിതമായി നീളുന്നു. തുക വിതരണം ചെയ്യാൻ വ്യക്തതയുള്ള ഉത്തരവ് റവന്യൂ വകുപ്പിന് ലഭിക്കാത്തതാണ് കാരണം.
സർക്കാർ പ്രഖ്യാപനം വന്ന് ആറു മാസമായിട്ടും നടപടി ഇഴയുകയാണ്. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബി.പി.എൽ കുടുംബത്തിന് മാസം 5,000 രൂപ വീതം മൂന്ന് വർഷം നൽകാൻ കഴിഞ്ഞ ഒക്ടോബർ 23െൻറ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതനുസരിച്ച് 19,149 പേർ അപേക്ഷിച്ചെങ്കിലും അംഗീകരിച്ചത് 5117 അപേക്ഷയാണ്. ആർക്കും ഇതുവരെ പണം നൽകിയിട്ടില്ല. 3653 അപേക്ഷ തള്ളി. 2629 എണ്ണം പരാതികളിൽ കുരുങ്ങി. അംഗീകരിച്ച 5117 അപേക്ഷകൾക്ക് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം.ഡി.ആർ.എഫ്) നിന്ന് വിതരണം ചെയ്യുന്നതിൽ തീരുമാനമായെങ്കിലും പകരം ഫണ്ട് ലഭ്യമാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായി. ദുരിതാശ്വാസനിധിയിൽനിന്ന് തൽക്കാലം ധനസഹായം നൽകാനും ഈ സാമ്പത്തിക വർഷം മുതൽ പുതിയ ഫണ്ട് വകയിരുത്താനും ഇപ്പോൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനസഹായം നൽകാൻ ഒരു കുടുംബത്തിന് മൂന്നുവർഷത്തേക്ക് 1,80,000 രൂപ വേണം. എന്നാൽ വ്യക്തമായ ഉത്തരവ് റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ല. കൂടാതെ ഇനിയും എത്രപേർ ഗുണഭോക്താക്കളാകുമെന്ന സംശയവും നിലനിൽക്കുന്നു. ഇതിന് റവന്യൂ വകുപ്പ് കലക്ടർമാർ വഴി വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കാനും സർക്കാർ നേരത്തെ ഇതേ ന്യായീകരണങ്ങൾ നിരത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെട്ടതോടെ തുക വിതരണം ആരംഭിക്കുകയായിരുന്നു. അതിപ്പോൾ 92 ശതമാനവും പൂർത്തിയായി. ആകെ ഇതുവരെ ലഭിച്ച 64,621 അപേക്ഷകളിൽ 59949 പേർക്കും 50,000 രൂപ വീതം നൽകി. ഈ വിഭാഗത്തിൽ 8048 പരാതികൾ തീർപ്പാകാതെ കിടപ്പുണ്ട്. 828 അപേക്ഷ നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.