മൂന്ന് ജില്ലകളിൽ ജനിതക പഠനം നടത്തും; വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഒഴികെ ജില്ലകളിൽ വ്യാപക പരിശോധനക്ക് നിർദേശം
text_fieldsതിരുവനന്തപുരം: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു. ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലായതിനാൽ ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനെടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റു ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
നിലവിൽ സംസ്‌ഥാനത്തിന്‍റെ പക്കൽ 16 ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും.
പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം.എസ്.സി.എൽ നേരിട്ട് വാക്‌സിൻ ഉൽപ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.