സെപ്റ്റംബറിലെ അതിവ്യാപന ഭീതി: അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത
text_fieldsതിരുവനന്തപുരം: കോവിഡിെൻറ അതിവ്യാപനം പ്രതീക്ഷിക്കുന്ന സെപ്റ്റംബറിൽ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് കൂടുതൽ പ്രതിരോധവും ശ്രദ്ധയും കേന്ദ്രീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നിലവിലെ രോഗപ്പകർച്ച സാഹചര്യങ്ങളും ലോകാരോഗ്യ സംഘടന കൺട്രി ഒാഫിസ് ഫോർ ഇന്ത്യയുടെ നിർദേശങ്ങളും (ഡബ്ല്യു.സി.ഒ) കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് ബ്രിഗേഡിെൻറ ഭാഗമായി കൂടുതൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ഇൗ ജില്ലകളിൽ പ്രതിരോധവും പരിശോധനയും മുതൽ നിരീക്ഷണവും ചികിത്സയും വരെ ശക്തമാക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ (സി.എഫ്.എൽ.ടി.സി) കിടക്കകളുടെയും മറ്റ് സൗകര്യങ്ങളുടെയും കണക്കെടുപ്പ് നടത്തി ആവശ്യമായവ വർധിപ്പിക്കും.
ഇൗ മാസം 10 വരെയുള്ള കണക്കനുസരിച്ച് കാസർകോട് ജില്ലയിലെ ആെക സി.എഫ്.എൽ.ടി.സികളിലെ 72 ശതമാനവും തിരുവനന്തപുരത്ത് 55 ശതമാനം കിടക്കകളും നിറഞ്ഞിട്ടുണ്ട്. എറണാകുളത്ത് 54 ശതമാനവും. അതേസമയം, മറ്റ് രണ്ട് ജില്ലകളിൽ കിടക്കകൾ പ്രശ്നമാകില്ല. മലപ്പുറത്ത് 67 ശതമാനം കിടക്കകളും കോഴിക്കോട്ട് 68 ശതമാനവും ഇപ്പോൾ ഒഴിവുണ്ട്. കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയത്തിൽ കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ കണക്കുകൾ നെഞ്ചിടിപ്പേറ്റുന്നതാണ്.
കാസർകോട്ട് 11 ദിവസം കൊണ്ടാണെങ്കിൽ തലസ്ഥാന ജില്ലയിൽ 15 ദിവസം കൊണ്ടാണ് രോഗികൾ ഇരട്ടിയാകുന്നത്. സമ്പർക്കപ്പകർച്ച, ക്ലസ്റ്ററുകൾ, കോവിഡ് മരണങ്ങൾ, ആരോഗ്യ പ്രവർത്തകരിലെ കോവിഡ് ബാധ എന്നിവയിലെല്ലാം തലസ്ഥാന ജില്ലയാണ് മുന്നിൽ.
ആശ്വാസമേകാതെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും
പ്രത്യേകം ശ്രദ്ധയൂന്നുന്ന അഞ്ച് ജില്ലകളിൽ നാലും ടെസ്റ്റ് േപാസിറ്റിവിറ്റി റേറ്റിലും മുന്നിലാണ്. എത്ര ടെസ്റ്റ് നടത്തുേമ്പാൾ എത്രപേർക്ക് പോസിറ്റിവാകുന്നെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിശ്ചയിക്കുന്നത്. ഇതിെൻറ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം.
അതേസമയം തിരുവനന്തപുരത്ത് 9.2 ശതമാനവും എറണാകുളത്ത് 8.3 ശതമാനവും മലപ്പുറത്ത് 10.3 ശതമാനവും കാസർകോട്ട് 10.1 ശതമാനവുമാണ് ഇപ്പോഴത്തെ നില. പരിശോധന വർധിപ്പിക്കേണ്ടതിെൻറ അനിവാര്യതയിലേക്കുകൂടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.