ചെന്നൈയിൽ നിന്നെത്തിയ മലയാളികൾ മലപ്പുറത്ത് ബസ് ഇറങ്ങി; സുരക്ഷയൊരുക്കുന്നതിൽ വീഴ്ചയെന്ന് ആരോപണം
text_fieldsമലപ്പുറം: ലോക്ഡൗണിനെ തുടർന്ന് ചെന്നൈയിൽ നിന്ന് ബസിൽ മലപ്പുറത്ത് എത്തിയവർക്ക് സുരക്ഷയൊരുക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. കോവിഡ് 19 ഹോട്സ്പോട്ടായ ചെന്നൈയിൽനിന്ന് സ്വകാര്യ ബസിൽ വാളയാർ ചെക്ക്പോസ്റ്റ് വഴി എത്തിയവരാണ് മലപ്പുറം നഗരത്തിൽ ഇറങ്ങിയത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ചെന്നൈയിൽനിന്ന് പുറപ്പെട്ട ബസാണ് 11മണിയോടെ മലപ്പുറത്ത് എത്തിയത്. ൈഡ്രവറും സഹായിയും മലയാളികളായ കച്ചവടക്കാരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ 27 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 12 പേരയൊണ് മലപ്പുറത്ത് ഇറക്കിയത്. അവർ പരപ്പനങ്ങാടി, തിരൂർ, വേങ്ങര, കോട്ടക്കൽ ഭാഗത്തുനിന്നുള്ളവരായിരുന്നു. തുടർന്ന് ബസ് നിലമ്പൂരിലേക്ക് പോയി. ചെന്നൈയിൽനിന്ന് നിലമ്പൂരിലേക്കുള്ള കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻ ഏർപ്പാടാക്കിയ ബസിലാണ് ഇവർ ഇവിടെ എത്തിയത്.
ബസിന് പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടായിരുന്നത്. 3300 രൂപയാണ് ബസ് ചാർജ്. മറ്റുവാഹനങ്ങളിൽ വീടുകളിൽ പോകാൻ മണിക്കൂറുകളോളം കുന്നുമ്മലിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടെ ബസ് സ്റ്റോപ്പിൽ യാത്രക്കാ ർ വന്ന് പോയിരുന്നു. റോഡിൽ ഇറങ്ങി നിൽക്കുന്നവരുടെ ഇടയിലൂടെ യാത്രക്കാർ നടന്നുപോയിരുന്നു.
ഇറങ്ങിയവരിൽ ചിലർ സമീപത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങിയതായും പറയുന്നു. പിന്നീട് ഒട്ടോകളിലും സ്വകാര്യ വാഹനങ്ങളിലുമായാണ് ഇവർ വീടുകളിലേക്ക് മടങ്ങിയത്. ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും ആരോഗ്യപ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി യാത്രവിവരങ്ങൾ ചോദിച്ചറിഞ്ഞു. മലപ്പുറം കുന്നുമ്മൽ ബസ് സ്റ്റോപ്പ് അണുവിമുക്തമാക്കാൻ നടപടി ആരംഭിച്ചു.
തമിഴ്നാട്, കേരള സർക്കാറുകളെ പാസ് ലഭിച്ച ശേഷമാണ് യാത്ര നടത്തിയതെന്നും വാളയാറിൽ പരിശോധന നടത്തിയതായും ചെന്നൈയിൽനിന്ന് എത്തിയവർ അറിയിച്ചു.
രോഗം പരത്തുന്ന രീതിയിൽ നഗരത്തിൽ യാത്രക്കാരെ ഇറക്കിയതിനു ഡ്രൈവർ എടവണ്ണ സ്വദേശി അലി അക്ബറിനെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.