ക്വാറന്‍റീനിൽ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്ത് ടി.എൻ. പ്രതാപൻ
text_fieldsതൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു ഉദ്ഘാടനം ക്വാറന്‍റീനിൽ കഴിയുന്ന ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ഹോം ക്വാറന്‍റീനിൽ കഴിയുന്ന എം.പി വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടു കോടി അഞ്ച് ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ചെലവിട്ടാണ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഐ.സി.യു പൂർത്തീകരിച്ചത്. മൂന്നാഴ്ചകൊണ്ടാണ് പണി പൂർത്തിയാക്കിയ്. ഈ പദ്ധതിയിലേക്ക് 10 ഐ.സി.യു കോട്ട് നൽകുമെന്നും എം.പി ഉദ്ഘാടനവേളയിൽ പറഞ്ഞു.
വിഡിയോ കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ ജില്ല കലക്ടർ ഷാനവാസ് അധ്യക്ഷത വഹിച്ചു. ക്വാറന്‍റീനിൽ കഴിയുന്ന ആലത്തൂർ എം.പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ്, സൂപ്രണ്ട് ഡോ. ബിജു, അവണൂർ പഞ്ചായത്ത് പ്രസിഡന്‍റ് വിജയ എന്നിവരും പങ്കെടുത്തു.
വാളയാറിൽ അതിർത്തി കടന്നെത്തിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ എന്നീ എം.പിമാരോടും എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരോടും ക്വാറന്‍റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.