കോവിഡ്: കേരള രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചേക്കും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) സർക്കാർ നീട്ടിവെച്ചേക്കും. രോഗികളുടെ എണ്ണം കുറയുന്ന മുറക്ക് തിയറ്ററുകൾ തുറക്കാൻ കഴിഞ്ഞാൽ അടുത്ത ഫെബ്രുവരിയിലോ മാർച്ചിലോ മേള നടത്താൻ സാധിക്കുമെന്നാണ് അക്കാദമിയുടെ കണക്കുകൂട്ടൽ.
മേളക്കായുള്ള മുന്നൊരുക്കങ്ങൾ അഞ്ചുമാസം മുമ്പെങ്കിലും അക്കാദമിക്ക് ആരംഭിക്കേണ്ടതുണ്ട്. ജൂലൈ ആദ്യാവാരത്തോടെ സിനിമകൾ ക്ഷണിച്ച് ആഗസ്റ്റ് 31ന് അപേക്ഷകൾ പൂർത്തിയാക്കി സെപ്റ്റംബർ-ഒക്ടോബറോടെ സ്ക്രീനിങ് പൂർത്തിയാക്കി ജൂറിയെയും തീരുമാനിച്ചശേഷമാണ് എല്ലാവർഷവും ഡിസംബറിൽ മേള നടക്കുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് സിനിമകൾക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കാൻപോലും ആയിട്ടില്ല.
ഇനി ക്ഷണിച്ചാലും ഇവ സ്ക്രീനിങ് നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. വിദേശത്ത് നിന്ന് ജൂറികളെ എത്തിക്കുന്നതും വെല്ലുവിളിയാണ്. കോവിഡിനെ തുടർന്ന് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയും ജൂണിൽ നടത്തേണ്ടിയിരുന്നു കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഉപേക്ഷിച്ചിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ പ്രവർത്തനങ്ങളും പാതിവഴിയിലാണ്. ജൂറി ചെയർമാൻ മധു അമ്പാട്ട് ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ചെന്നൈയിൽ ആയതും തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായതുമാണ് അവാർഡ് നിർണയ നടപടി സ്തംഭിക്കാൻ കാരണം.
'മരയ്ക്കാര്‍ അറബിക്കടലിെൻറ സിംഹം', കെ.പി. കുമാരെൻറ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' തുടങ്ങി 119 ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ പലതും റിലീസ് ചെയ്യാത്തവയും വന്‍തുക മുടക്കി നിര്‍മിച്ചവയുമാണ്. അതിനാൽ ചിത്രങ്ങള്‍ കര്‍ശന സുരക്ഷാസംവിധാനങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.