കോവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
text_fieldsമലപ്പുറം: കോവിഡ് ബാധിച്ച യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസ്സുകാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നായിരുന്നു പ്രസവതീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാകാനെത്തിയ യുവതിക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. മികച്ച ചികിത്സക്കായി ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ പ്രസവവേദനയുടെ ലക്ഷണം കണ്ടുതുടങ്ങി. പാണക്കാട്ടെത്തിയപ്പോള്‍ യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമാണെന്ന് മനസ്സിലായി. ആംബുലന്‍സ് നിര്‍ത്തിയ ശേഷം സ്റ്റാഫ് നഴ്സിെൻറ പരിചരണത്തില്‍ ഉച്ചക്ക് ഒന്നോടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പ്രഥമശുശ്രൂഷ നല്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സ് പി.കെ. ജെറീസ്, ഡ്രൈവർ മുഹമ്മദ് റിയാസ് എന്നിവരാണ് സഹായമേകിയത്. മികച്ച പരിചരണം നല്കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. കോവിഡ്കാലത്ത് ഇത്തരം മാതൃകപ്രവര്‍ത്തനം നടത്തുന്നത് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിത പ്രസവിക്കുന്നത്. മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്ന വഴി യുവതി പ്രസവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.