കോവിഡ്: വാർഷികപദ്ധതി പുനഃക്രമീകരിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ ഇക്കൊല്ലത്തെ വാർഷികപദ്ധതി പുനഃക്രമീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പദ്ധതികൾ ആറ് മാസം വീതം രണ്ട് അർധവാർഷികങ്ങളായി തിരിച്ച് നടപ്പാക്കും. മുൻഗണനാ അടിസ്ഥാനത്തിലാകും പദ്ധതികൾ. ഇതിനകം അംഗീകരിച്ച പദ്ധതിയിലെ ഉപാധിരഹിത ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതവും അടങ്ങുന്ന 14214.81 കോടി രൂപയാണ് പുനഃക്രമീകരിക്കുക.
ഇക്കൊല്ലം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആദ്യ ആറ് മാസത്തിൽ 5282.06 കോടി രൂപയാകും ചെലവിടുക. ബാക്കി 8932.75 കോടി രൂപയുടെ പദ്ധതികൾ ഒക്ടോബർ മുതൽ 2021 മാർച്ച് 31 വരെ ചെലവിടാനായി മാറ്റി. പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പിനെ പുതിയ തീരുമാനം ഗുരുതരമായി ബാധിക്കും. കേന്ദ്രപദ്ധതികൾക്കുള്ള വിഹിതം നൽകുന്നത് നീട്ടി െവക്കുന്നത് ആ പദ്ധതികൾ നടപ്പാക്കുന്നതും ൈവകിപ്പിക്കും.
സാമ്പത്തികവർഷത്തിന് മുമ്പ് സമ്പൂർണമായി ബജറ്റ് പാസാക്കിയിരിക്കെ ഏപ്രിൽ ഒന്നുമുതൽ പദ്ധതികൾ പൂർണമായി നടപ്പാക്കിത്തുടങ്ങാമായിരുന്നു. എന്നാൽ, കോവിഡും ലോക്ഡൗണും മൂലം പദ്ധതി നടപ്പാക്കാനായില്ല. സർക്കാറിെൻറ വരുമാനത്തിൽ വൻ കുറവ് വന്നിരുന്നു. ആദ്യ ആറ് മാസത്തിൽ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവാക്കാനായി നിശ്ചയിച്ചിരിക്കുന്നത്. തുക കൂടുതലും രണ്ടാം പകുതിയിലേക്കാണ് നീക്കിെവച്ചത്. ഇവയുടെ ഭാവിയും അന്നത്തെ സാമ്പത്തികനില അനുസരിച്ചായിരിക്കും. ആരോഗ്യസംബന്ധിയായ പ്രവൃത്തികൾ, ശുചിത്വം, ജീവനോപാധി, ഭക്ഷ്യസുരക്ഷ തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകും.
നടപ്പുസാമ്പത്തികവർഷം (20-21) വാർഷിക പദ്ധതിയിൽ 27610 കോടി രൂപയാണ് സംസ്ഥാന വിഹിതമായി നിശ്ചയിച്ചത്. ഇതിൽ 16563.21 കോടി രൂപ നിർബന്ധിത വകയിരുത്തലാണ്. അതിൽ മാറ്റംവരില്ല. അവശേഷിക്കുന്ന 11046.79 കോടി രൂപ ഉപാധിരഹിത ഫണ്ടാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം 3168.02 കോടി രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.