കോവിഡ് നിയന്ത്രണത്തിൽ കുടുങ്ങി സ്പെഷലിസ്റ്റ് ഡോക്ടർമാർ; ചികിത്സ കിട്ടാതെ രോഗികൾ
text_fieldsകാസർകോട്: മംഗളൂരുവിൽനിന്ന് 250ഒാളം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ വരവ് നിലച്ചതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദഗ്ധ ചികിത്സക്ക് രോഗികൾ ബുദ്ധിമുട്ടുന്നു. ഈ ജില്ലകളിൽ ആഴ്ചയിലൊരിക്കൽ സന്ദർശനം നടത്തി ആവശ്യമുള്ള രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകുന്ന ഇവരുടെ വരവ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് നിലച്ചത്. ഒരു സ്പെഷലിസ്റ്റ് ചികിത്സകൻ പോലുമില്ലാത്ത കാസർകോട് ജില്ലയെയാണ് ഇത് ഏറെ ബാധിക്കുന്നത്.
ഹൃദ്രോഗം, ശ്വാസകോശ രോഗം, ഗ്യാസ്ട്രോ എൻേട്രാളജി, യൂറോളജി, റൂട്ട് കനാൽ, ന്യൂറോളജി, ഡെർമറ്റോളജി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരും അനസ്തറ്റിസ്റ്റുമാരും കേരളത്തിലേക്ക് കടന്നുവന്നാണ് ചികിത്സ ലഭ്യമാക്കുന്നത്. പതിവ് ഡോക്ടർമാരെ ലഭിക്കാത്തതുകാരണം കുമ്പളയിലെ രണ്ടു രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്.
'സ്പെഷലിസ്റ്റ് ഡോക്ടർമാരില്ലാത്ത ജില്ലയാണ് കാസർകോട്. ഇതുവരെ ആശ്രയിച്ചത് മംഗളൂരു കേന്ദ്രീകരിച്ചുള്ള 250ഒാളം ഡോക്ടർമാരുടെ ഗ്രൂപ്പിനെയാണ്. ഒരു ഡോക്ടർക്ക് മാത്രം 200 രോഗികൾ ചികിത്സകാത്ത് കണ്ണൂർ, കാസർകോട് ജില്ലയിൽ കിടക്കുന്നുണ്ട്. ഇത് ഗുരുതരമായ സ്ഥിതിയാണ്. ഫോൺ മാർഗം ചികിത്സ നിർദേശിക്കുന്നതിന് പരിമിതിയുണ്ട്. കോവിഡ് ജില്ല കമ്മിറ്റി നിബന്ധനകൾ മാറ്റിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നത്തിനു കാരണം. തലപ്പാടിയിൽ മാത്രമാണ് ഇൗ പ്രശ്നം. സംസ്ഥാനത്തിെൻറ മറ്റ് അതിർത്തികളിൽ ഇൗ പ്രശ്നമില്ല'- സ്വകാര്യ ആശുപത്രിയിലെ പ്രമുഖ ഡോക്ടർ പ്രതികരിച്ചു.
'ഡോക്ടർമാർക്ക് പ്രത്യേകം പാസില്ല. ആൻറിജൻ പരിശോധന നടത്തി െനഗറ്റിവ് സർട്ടിഫിക്കറ്റുമായി അപേക്ഷ നൽകിയാൽ പാസ് ലഭിക്കും. കലക്ടറേറ്റിൽ നിന്നാണ് പാസ് അനുവദിക്കുന്നത്:- തലപ്പാടിയിൽ കോവിഡ് ചുമതലയുള്ള മഞ്ചേശ്വരം തഹസിൽദാർ മറുപടി പറഞ്ഞു. കേരളത്തിലേക്ക് വരുന്ന ഡോക്ടർമാർക്ക് റോഡുകളിൽ നാലിടത്ത് പരിശോധനയും ആഴ്ചയിൽ ഒരു ആൻറിജൻ പരിശോധനയും വേണം. ആഴ്ചയിൽ വരുന്നതിനാൽ എല്ലാ വരവിലും പരിശോധന വേണം എന്നതും ബുദ്ധിമുട്ടായെന്ന് ഡോക്ടർമാർ പറയുന്നു.
സാധാരണ ജോലിക്ക്പോകുന്നവർക്കുള്ള പരിഗണനയാണ് ഡോക്ടർമാർക്കും നൽകുന്നത്. ജീവൻ രക്ഷിക്കാൻ പോകുന്നവരെ ആ രീതിയിൽ കാണണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കർണാടകത്തിലേക്ക് കേരളത്തിൽനിന്ന് പോകുന്നവർക്ക് ഇപ്പോൾ ഇൗ പരിശോധനയും ചെക്കിങ്ങുമില്ലെന്ന് അതിർത്തിയിലെ കേരള ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല കോർ കമ്മിറ്റിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നിയന്ത്രണം 15 ദിവസം മുമ്പ് എടുത്തതാണ്. അതിനുമുമ്പ് പൂർണ വിലക്കും ഉണ്ടായിരുന്നു. കാസർകോട് ജില്ലക്കാരായ ഡോക്ടർമാരിൽ ഏറെ പേർ മംഗളൂരു താമസക്കാരാണ്. ഇവർ ഇപ്പോൾ ജില്ലയിൽ താമസമാക്കിയാണ് ചികിത്സ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.