കോവിഡ് വ്യാപനം: ജീവിതശൈലീ രോഗനിർണയം പ്രതിസന്ധിയിൽ
text_fieldsകൊച്ചി: കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ ജീവിതശൈലീരോഗ നിർണയ നടപടികൾ പ്രതിസന്ധിയിൽ. പ്രമേഹവും രക്തസമ്മർദവും നേരിട്ട് പരിശോധിക്കുന്നത് ഏറക്കുറെ നിലച്ചിരിക്കുകയാണ്. രോഗവ്യാപന ഭീതിമൂലം അടിയന്തര ചികിത്സ ആവശ്യമില്ലാത്തവരിൽ ഇത്തരം പരിശോധനകൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ആരോഗ്യവകുപ്പും.
പ്രേമഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുള്ളവർ കോവിഡ് ഭീഷണി നേരിടുന്നവരിൽ മുൻപന്തിയിലാണ്. പ്രത്യേകിച്ച് ഇത്തരക്കാരായ വയോജനങ്ങൾ. ഇത് മുൻകൂട്ടിക്കണ്ട് ആരോഗ്യവകുപ്പ് ജീവിതശൈലീരോഗമുള്ളവരെ കണ്ടെത്തി മരുന്നും മറ്റ് സഹായവുമെത്തിക്കാൻ കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽതന്നെ നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ, പിന്നീട് ആളുകളോട് കഴിവതും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതോടെ രക്തസമ്മർദവും പ്രമേഹവും പരിശോധിക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നേരിട്ട് സമ്പർക്കം വരുമെന്നതിനാൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നവരിലടക്കം ഇത്തരം പരിശോധന ഇപ്പോൾ വിരളമാണ്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വീടുകയറിയുള്ള പരിശോധനക്ക് ആരോഗ്യപ്രവർത്തകരും മടിക്കുന്നു. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനവുമായി ബന്ധപ്പെടുന്നവരിൽ ജീവിതശൈലീരോഗ ലക്ഷണമുള്ളവരോട് മാത്രം ആശുപത്രികളിലെത്താൻ ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്.
ജീവിതശൈലീരോഗങ്ങളുള്ളവർക്ക് കോവിഡ് പ്രതിരോധം ഒരുക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ റിവേഴ്സ് ക്വാറൻറീൻ ശക്തിപ്പെടുത്തി വരുകയാണെന്ന് ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഡോ. ബിപിൻ ഗോപാൽ പറഞ്ഞു. തീരദേശങ്ങൾ കേന്ദ്രീകരിച്ച് ജീവിതശൈലീരോഗങ്ങളുള്ള വയോജനങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. ഇവർക്ക് ആരോഗ്യപ്രവർത്തകർ വഴി പരമാവധി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മരുന്ന് സൗജന്യമായി വിതരണം ചെയ്യും. അടുത്ത ആറു മാസത്തേക്ക് ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നിെൻറ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് ഇതര രോഗങ്ങൾ കൈകാര്യം ചെയ്യാനുള്ള വ്യക്തമായ കർമപദ്ധതിയും ആരോഗ്യവകുപ്പ് തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.