കോവിഡ് വിനയായി; മലയാളി വിദ്യാർഥികൾ ആയുർവേദ പി.ജി പരീക്ഷ യോഗ്യതക്ക് പുറത്ത്
text_fieldsപാലക്കാട്: സംസ്ഥാനത്തെ ആയിരത്തിലേറെ ആയുർവേദ ബിരുദധാരികൾക്ക് ആയുർവേദ ബിരുദാനന്തര ബിരുദ (പി.ജി) പ്രവേശനപരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായേക്കും. കോവിഡ് കാരണം ഒരു വർഷത്തോളം വൈകിയതോടെ പഠനം നീണ്ടതാണ് ഇവർ പ്രവേശനപരീക്ഷ മാനദണ്ഡത്തിന്റെ പരിധിക്കു പുറത്താകാൻ കാരണം. 2024 ജൂൺ 30നകം ബിരുദപഠനം പൂർത്തിയാക്കി ഒരു വർഷ ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്കാണ് പി.ജി പ്രവേശനത്തിന് യോഗ്യത. ഇതോടെ ഇന്റേൺഷിപ് പൂർത്തിയാക്കിവരുന്ന 2018 ബാച്ചിലെ ബിരുദവിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. ഈ വർഷം സെപ്റ്റംബറിൽ മാത്രമാണ് കേരള ആരോഗ്യ സർവകലാശാലക്കു കീഴിലെ ആയുർവേദ ബിരുദക്കാർക്ക് ഇന്റേൺഷിപ്പിനുശേഷം എക്സിറ്റ് പരീക്ഷ എഴുതി പഠനം പൂർത്തിയാക്കാനാകുക. ഇതോടെ 1200ഓളം വരുന്ന വിദ്യാർഥികൾക്ക് പി.ജി പ്രവേശനത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടിവരും.
നാഷനൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനാണ് സിലബസും ആയുർവേദ പഠന മാർഗരേഖയും ഉൾപ്പെടെ തയാറാക്കാനുള്ള ചുമതല. കേന്ദ്ര നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് (എൻ.ടി.എ) പരീക്ഷ നടത്തിപ്പ് ചുമതല. വിഷയത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ. 2018 ബാച്ചിലെ ബിരുദവിദ്യാർഥികളുടെ കോഴ്സിനിടെയാണ് കോവിഡ് കാരണം കോളജുകൾ അടച്ചിട്ടത്. ഇതാണ് ഒരു വർഷം പഠനം നീളാനിടയാക്കിയത്. കേരളത്തിൽ ബിരുദ കോഴ്സ് തുടങ്ങിയത് സെപ്റ്റംബറിലായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പി.ജി പ്രവേശനപരീക്ഷ കാലാവധിയും സെപ്റ്റംബറിലാക്കിയിരുന്നെങ്കിൽ ഒരു വർഷം നീളുന്ന കാത്തിരിപ്പ് ഒഴിവാകുമായിരുന്നു. ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ്. അപേക്ഷതീയതി അവസാനിക്കുന്നത് മേയ് 15നും. അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോഴ്സ് പൂർത്തീകരിക്കേണ്ട കാലയളവ് സെപ്റ്റംബറിലേക്കു മാറ്റണമെന്ന ആവശ്യം നിവേദനം വഴി അറിയിച്ചിട്ടുണ്ടെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.