മോഷ്ടാവിന് കോവിഡ്; ഒമ്പത് പൊലീസുകാർ ക്വാറൻറീനിൽ
text_fieldsമലപ്പുറം/കുറ്റിപ്പുറം: മോഷണ കേസിൽ അറസ്റ്റ് ചെയ്ത കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ ഒമ്പത് പൊലീസുകാർ ക്വാറൻറീനിൽ. കുറ്റിപ്പുറം സ്റ്റേഷനിലെ എട്ടുപേരും പൊന്നാനിയിലെ ഒരു ഉദ്യോഗസ്ഥനുമാണ് ക്വാറൻറീനിൽ പോവുകയെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.
നിലവിൽ സ്റ്റേഷൻ അടച്ചിടേണ്ട സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. വീട്ടുസാധനങ്ങൾ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് 43കാരനായ പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിനു മുമ്പായി നടത്തിയ വൈദ്യപരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
മഞ്ചേരിയിൽ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡില്ല
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച മരിച്ച രണ്ട് കുഞ്ഞുങ്ങൾക്കും കോവിഡ് ഉണ്ടായിരുന്നില്ലെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആൺകുഞ്ഞ്, പുളിക്കൽ സ്വദേശികളായ ദമ്പതികളുടെ രണ്ടുദിവസം പ്രായമായ പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
ചെത്തല്ലൂർ സ്വദേശിനിയുടെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ശനിയാഴ്ച പുലർച്ച 1.30ന് കുട്ടി മരിച്ചു. ഈ മാസം നാലിനാണ് പുളിക്കൽ സ്വദേശിനിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോൾ ഹൃദയമിടിപ്പ് കുറവായിരുന്നു. വെൻറിലേറ്റർ നൽകിയെങ്കിലും ശനിയാഴ്ച രാവിലെ ഒമ്പതിന് മരിച്ചു.
കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി
മഞ്ചേരി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. വേങ്ങര സ്വദേശിനിയായ 26കാരിയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലും മാതൃത്വത്തിെൻറ മാധുര്യമറിഞ്ഞത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാത്രി 12 മണിക്കാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടര കിലോഗ്രാമാണ് കുഞ്ഞിെൻറ ഭാരം.
അമ്മയുടെയും കുഞ്ഞിെൻറയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇവര്‍ മേയ് 18നാണ് അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.