കോവിഡ്; 30 ശതമാനം പേരിലും മാനസിക പ്രശ്നങ്ങൾ
text_fieldsകണ്ണൂർ: കോവിഡ് ബാധിച്ചശേഷം ജില്ലയിൽ 30 ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി കണക്കുകൾ. കോവിഡ് മാറിയശേഷവും പലർക്കും ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകൾ തുടരുന്നുണ്ട്. ചെറിയ പനി വരുമ്പോൾതന്നെ കോവിഡ് ആകുമോയെന്ന സംശയത്തിൽ നല്ലൊരു ശതമാനംപേരും ഉത്കണ്ഠാകുലരാകുന്നു.
വൈറസ്ബാധ മാറിയശേഷവും ശരീരസംബന്ധിയായ പ്രശ്നങ്ങൾ ഉള്ളതായുള്ള തോന്നൽ (സൊമറ്റഫോം ഡിസോർഡർ) മിക്കവർക്കുമുണ്ട്. ശരീരത്തിൽ വേദന, തരിപ്പ്, ക്ഷീണം എന്നിവയുണ്ടെന്ന തോന്നൽ പ്രായമായവരിലാണ് ഏറെയും കണ്ടുവരുന്നത്. കോവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ രണ്ടുവർഷമായി നൽകിയ കൗൺസലിങ്ങിലാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. കോവിഡിൽ സാമ്പത്തിക പ്രതിസന്ധി, മരണം എന്നിവ അഭിമുഖീകരിച്ച ചുരുക്കം ചിലരിൽ അമിത ഉത്ക്കണ്ഠയും പേടിമൂലം മാനസികാഘാതവും കണ്ടെത്തിയിട്ടുണ്ട്.
2020 മാർച്ച് മുതൽ 2022 ഏപ്രിൽവരെ കോവിഡ് ബാധിതരായവരുടെ വിവരങ്ങൾ ശേഖരിച്ച് മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കിയിരുന്നു. ഇത്തരത്തിൽ 3.05 ലക്ഷം പേർക്കാണ് മാനസികാരോഗ്യം ഉറപ്പാക്കിയത്.
12,000 പേർ സഹായത്തിനായി കൗൺസലിങ് കേന്ദ്രത്തിലേക്കും വിളിച്ചു. ഏപ്രിലിനു ശേഷമാണ് കോവിഡ് ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് വിളിക്കുന്നത് നിർത്തിയത്. എന്നാൽ, മാനസികാരോഗ്യ പദ്ധതിയുടെ നമ്പറിലേക്ക് ഇപ്പോഴും വിളി വരുന്നുണ്ട്. ആവശ്യമായവർക്ക് മാനസികാരോഗ്യ ക്യാമ്പിൽ ചികിത്സയും കൗൺസലിങ്ങും ഉറപ്പാക്കും.
മരണഭയം, ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ, തന്റെ ഉറ്റവരെ കുറിച്ചുള്ള ചിന്തകൾ, രോഗം പകരുമോ എന്ന പേടി, പട്ടിണി, സാമ്പത്തികമായ ഞെരുക്കങ്ങൾ എന്നിവയാണ് കോവിഡ് ബാധിച്ചവരിൽ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 20 ശതമാനം പേർക്ക് അമിത ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയിൽ ആദ്യഘട്ടത്തിൽ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും ഏറെയായിരുന്നു.
രോഗത്തെ കുറിച്ച് ആവശ്യമായ അറിവില്ലാത്തതും കൃത്യമായ ചികിത്സ ഇല്ലെന്ന ബോധ്യവും ജോലിഭാരവും ബന്ധുക്കളിലേക്ക് രോഗം പടരുമോയെന്ന ആകുലതയുമാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ മാനസികസംഘർഷത്തിന് കാരണം.
കോവിഡ് വ്യാപനത്തിൽ 50 ശതമാനം ആരോഗ്യപ്രവർത്തകർക്കും മാനസിക പിരിമുറുക്കം ഏറെയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഭക്ഷണ, ജോലിലഭ്യത സംബന്ധിച്ച ഉത്കണ്ഠ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തിയ കൗൺസലിങ്ങിൽ കണ്ടെത്തിയിരുന്നു.
സൈക്കോളജി, സോഷ്യൽ വർക് ബിരുദാനന്തര ബിരുദ വിദ്യാർഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം 250ലധികം കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു കോവിഡ് കാലത്ത് ജില്ല മാനസികാരോഗ്യ പദ്ധതിയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.