കോവിഡ്: തെർമോമീറ്ററിനും ആവശ്യക്കാരേറെ; അനധികൃത വിൽപന കൂടി
text_fieldsകോഴിക്കോട്: മെഡിക്കൽ ഷോപ്പുകളിൽ പ്രത്യേക ലൈസൻസില്ലാതെ തെർമോമീറ്റർ വിൽക്കാൻ പാടില്ലെന്നത് കോവിഡ് കാലത്ത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു. കോവിഡ് വ്യാപകമായതോടെ കുട്ടികളുള്ള വീടുകളിൽ ആളുകൾ തെർമോമീറ്റർ ഉപയോഗിച്ച് കുട്ടികളുടെ ശരീര ഊഷ്മാവ് അളന്ന് പനി ഇല്ലെന്ന് ഉറപ്പു വരുത്തുക പതിവായിട്ടുണ്ട്. ഇതിനായി തെർമോമീറ്റർ അന്വേഷിച്ച് മെഡിക്കൽ ഷോപ്പുകളിൽ ചെല്ലുമ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പ്രത്യേക ലൈസൻസ് ആവശ്യമുള്ളതിനാൽ പല കടക്കാരും ഉൽപന്നം വിൽക്കുന്നില്ല.
നേരത്തേയും ചെറിയ കുട്ടികളും രോഗികളായ പ്രായമായവരും ഉള്ള വീടുകളിൽ ഇത്തരം ഉപകരണങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ, മുമ്പ് തെർമോമീറ്ററുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുമായിരുന്നു. ഇപ്പോൾ അളവുതൂക്ക വിഭാഗത്തിെൻറ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ തെർമോമീറ്റർ വിൽക്കാൻ അനുവാദമുള്ളൂ. ഈ ലൈസൻസിന് ഒരുവർഷത്തേക്ക് 5000 രൂപയുടെ അടുത്ത് ചെലവു വരുന്നുണ്ട്. നേരത്തേ കുറച്ചുപേർ മാത്രമേ ഇത്തരം ഉപകരണങ്ങൾ വാങ്ങിയിരുന്നുള്ളു. ഇതിന് വലിയ ആവശ്യക്കാർ ഇല്ലാത്തതിനാൽ പല മെഡിക്കൽ ഷോപ്പുകളിലും വിൽപന നടത്തിയിരുന്നില്ല. എന്നാൽ, കോവിഡ് സാഹചര്യം വന്നതോടെ തെർമോമീറ്ററിന് ആവശ്യക്കാർ ഏറിയിരിക്കുകയാണ്.
ഡിജിറ്റൽ തെർമോമീറ്ററിന് 200-250 രൂപയും മാന്വൽ തെർമോമീറ്ററിന് 90-200 രൂപയുമാണ് വില. തെർമോമീറ്റർ വിറ്റാൽ വലിയ ലാഭമൊന്നും ഇല്ലെന്നാണ് കടയുടമകൾ പറയുന്നത്. അതിനാൽ, കടക്കാർ ഇവ വിൽക്കാനായി ലൈസൻസ് എടുക്കാൻ മടിക്കുകയാണ്. അതേസമയം, കോവിഡ് സാഹചര്യത്തിൽ ആവശ്യക്കാർ ഏറിയതോടെ പല കടകളിലും അനധികൃത വിൽപനയും പൊടിപൊടിക്കുന്നുണ്ട്. ലൈസൻസ് ഒന്നുമില്ലാതെ തന്നെ ചിലർ തെർമോമീറ്റർ വിൽക്കുന്നുണ്ട്. പരിശോധന കാര്യമായി നടക്കാത്തതിനാൽ പിടിക്കപ്പെടുന്നില്ല എന്നു മാത്രം. മരുന്നു വിൽക്കാനുള്ള ഡ്രഗ് ലൈസൻസിന് 3000 രൂപ മാത്രം മാത്രം ചെലവു വരുമ്പോൾ ഒരു തെർമോമീറ്റർ വിൽക്കാനായി 5000 രൂപയുടെ ലൈസൻസ് എടുക്കാൻ ആകില്ല എന്നാണ് പല കടയുടമകളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.