കോവിഡ്; നിവിൻ പോളിയുടെ 'തുറമുഖം' റിലീസിങ് മാറ്റി
text_fieldsകോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുതുതായി റിലീസിങിന് ഒരുങ്ങുന്ന സിനിമകളെയും അത് ബാധിക്കും എന്ന് ഏകദേശം ഉറപ്പായി.
രാജീവ് രവി-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ 'തുറമുഖം' സിനിമയുടെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. ചിത്രം എന്നാണ് തിയറ്ററിലെത്തുക എന്നു വ്യക്തമാക്കിയിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
''വ്യക്തികളുടെ വിജയപരാജയങ്ങളേക്കാൾ അതിലും വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന ഒരു കഴിഞ്ഞ തലമുറയുടെ അറിയപ്പെടാതെ പോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. ഇപ്പോഴത്തെ ഈ കാലത്തും അങ്ങനെയുള്ള ഒരു ലക്ഷ്യത്തിന് പ്രാധാന്യം ആവശ്യമാണ്. കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, തുറമുഖത്തിന്‍റെ തിയറ്റർ റിലീസ് മാറ്റിവക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാസ്‌ക് ധരിക്കുക, സുരക്ഷിതരായിരിക്കുക. എല്ലാവരുടെയും സ്നേഹത്തിന് നന്ദി'' -നിവിൻ പോളി കുറിച്ചു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സംവിധായകന്‍ രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന തുറമുഖത്തിന്‍റെ രചന ഗോപന്‍ ചിദംബരനാണ്. ഗോപന്‍ ചിദംബരന്‍റെ അച്ഛന്‍ കെ. എം ചിദംബരന്‍ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
നിവിനെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, സുദേവ് നായര്‍, നിമിഷാ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്,ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍.ആചാരി, സെന്തില്‍ കൃഷ്ണ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 25 കോടി ചെലവിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. തുറമുഖത്തിന് പിന്നാലെ ഉടൻ പുറത്തിറങ്ങേണ്ട മറ്റ് ചിത്രങ്ങളും റിലീസിങ് വൈകിപ്പിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.