കോവിഡ്: ഒാക്സ്ഫഡ് വാക്സിൻ ഡിസംബറിൽ
text_fieldsകൊച്ചി: ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് ഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഡിസംബറിൽ എത്തും. 18ന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുക.
ചെറുപ്പത്തിൽ ബി.സി.ജി കുത്തിവെപ്പ് എടുത്തിട്ടുള്ളതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് നിർബന്ധമില്ല. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന വാക്സിെൻറ വൻതോതിെല ഉൽപാദനം ആരംഭിച്ചതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ 'മാധ്യമ'ത്തോട് പറഞ്ഞു.
മാസത്തിൽ ആറുകോടി വാക്സിനാണ് ഉൽപാദിപ്പിക്കുക. 2021 ഏപ്രിലിൽ 10 കോടിയാക്കും. പൊതുവിപണിയിൽ വാക്സിന് 250 രൂപയോളം വിലവരും. എന്നാൽ, ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനാൽ പൂർണമായും സൗജന്യമായാണ് വാക്സിൻ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വാക്സിെൻറ ആദ്യ രണ്ടുഘട്ട പരീക്ഷണവും വിജയകരമായിരുന്നു. രണ്ടും വിദേശരാജ്യങ്ങളിലാണ് നടന്നത്. മനുഷ്യരിൽ നടത്തുന്ന ഏറെ നിർണായകമായ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു.
14 സംസ്ഥാനങ്ങളിലെ തെരെഞ്ഞടുത്ത 17 കേന്ദ്രത്തിൽ പരീക്ഷണം വ്യാഴാഴ്ച ആരംഭിച്ചു. രാജ്യത്ത് വാക്സിൻ ഉൽപാദനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലിനിക്കൽ ട്രയൽ നടത്തുന്നത്.
കോവിഡ് രൂക്ഷമായ നഗരങ്ങളെയാണ് തെരഞ്ഞെടുത്തത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ബിഹാർ, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി 14 സംസ്ഥാനങ്ങളിലാണ് പരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.