കോവിഡ് 'പരോൾ' അവസാനിക്കുന്നു; തടവുകാർ മൂന്നു മുതൽ തിരികെയെത്തണം
text_fieldsകാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തില്‍ പരോള്‍ അനുവദിച്ച തടവുകാർ ഒക്ടോബർ മൂന്നു മുതൽ ജയിലുകളിൽ തിരികെ പ്രവേശിക്കണം. ഇതിെൻറ ഭാഗമായി സബ് ജയിലുകൾ ഉൾപ്പടെയുള്ളവ ക്വാറൻറീൻ കേന്ദ്രങ്ങളാക്കി മാറ്റാൻ ജയിൽ വകുപ്പ് നടപടി ആരംഭിച്ചു. അതേസമയം, റിമാൻഡ് തടവുകാർ ഉൾെപ്പടെ പ്രവേശിക്കുന്ന സെൻട്രൽ ജയിലുകൾ ഉൾെപ്പടെയുള്ളവയിൽ തടവുകാർ തിരിച്ചെത്തുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് വിവിധ ജയിലുകളിൽനിന്ന് 1400 തടവുകാരാണ് ജാമ്യത്തിലും പരോളിലുമായി പുറത്തിറങ്ങിയത്. 550 പേർ വിചാരണ തടവുകാരും 850 പേർ ശിക്ഷാതടവുകാരുമാണ്.
കോവിഡ് പകർച്ചയുടെ ആദ്യഘട്ടത്തിലും ലോക്ഡൗണിന് മുമ്പും പരോള്‍ ലഭിച്ചവർ സെപ്റ്റംബര്‍ 30ന് ശേഷം മൂന്നുദിവസത്തിനകം ജയിലില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവ്. രണ്ടാംഘട്ടത്തില്‍, തുറന്ന ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ ഒക്ടോബര്‍ 15ന് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ തിരികെയെത്തണം. സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ ഒക്ടോബർ 30ന് ശേഷം മൂന്നുദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെയെത്തണം. പ്രായം കൂടിയ തടവുകാർക്കും ഇതിൽ ഇളവില്ല.
കാസർകോട് ചീമേനി തുറന്ന ജയിലിലെ 183 തടവുകാരാണ് പുറത്തുള്ളത്. ഇവരിൽ 26 പേർ ഒക്ടോബർ മൂന്നിന് തിരികെ ജയിലിൽ എത്തണം. ഇവർക്കാവശ്യമായ ക്വാറൻറീൻ സൗകര്യം ജയിലിൽ ഒരുക്കും.
അതേസമയം, ഒക്ടോബർ 18ന് ശേഷം 126 തടവുകാർ ഒരേസമയം ജയിലിൽ തിരിച്ചെത്തും. ഇവർക്കെല്ലാം ക്വാറൻറീൻ ഒരുക്കുകയെന്നത് ശ്രമകരമാകും. അതിനാൽ കണ്ണൂർ ട്രെയിനിങ് സെൻറർ, കണ്ണൂർ സെൻട്രൽ ജയിൽ, കണ്ണൂർ, തലശ്ശേരി സബ് ജയിൽ എന്നിവിടങ്ങളിലായി ക്വാറൻറീൻ ഒരുക്കും. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 190 പേരാണ് പരോളിലുള്ളത്. ആദ്യഘട്ടത്തിൽ 110 പേരും രണ്ടാം ഘട്ടത്തിൽ 80 പേരും ജയിലിൽ തിരികെയെത്തും.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ പോയ 125 പേരിൽ 30 പേർ ഒക്ടോബർ ഒന്നിനും ശേഷിക്കുന്നവർ നവംബർ ഒന്നിനുമാണ് തിരികെയെത്തേണ്ടത്. ഇരിങ്ങാലക്കുട പഴയ ജയിലിലും ഹൈ സെക്യൂരിറ്റി ജയിലിലെ ഒരു ബ്ലോക്കും ക്വാറൻറീൻ കേന്ദ്രങ്ങളാക്കാനാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.