ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കോവിഡ് രോഗി മരിച്ചു
text_fieldsഅരൂർ: ആംബുലൻസ് എരമല്ലൂർ ദേശീയപാതയോരത്ത് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കോവിഡ് രോഗി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കു പരിക്കേറ്റു. കൊല്ലം തിരുമൂലവാരം ശ്രീ വൈകുണ്ഡം വീട്ടിൽ പൊന്നപ്പൻപിള്ളയുടെ ഭാര്യ ഷീല പി. പിള്ള(66) ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഇവരുടെ മകൻ ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ. ദേവിക (31), ആംബുലൻസ് ഡ്രൈവർ കൊല്ലം കണ്ണനല്ലൂർ മഞ്ജുവിലാസത്തിൽ കെ. സന്തോഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ നില അതീവ ഗുരുതരമാണ്.
ദേശീയപാതയിൽ എരമല്ലൂർ സാനിയ തിയറ്ററിനു സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അരൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടം നടന്ന സമയത്ത് അതുവഴി വന്ന അരൂർ ഗ്രാമ പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ഉണ്ണിയാണ് പരിക്കേറ്റവരെ ആദ്യം തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചത്.
ഷീല പി. പിള്ളയെ എറണാകുളം അമൃത ആശുപത്രിയിലേക്കും മറ്റു മൂന്ന് പേരെ ലേക് ഷോർ ആശുപത്രിയിലും എത്തിച്ചു. അമൃതയിൽ എത്തിയപ്പോൾ തന്നെ ഷീല പി.പിള്ള മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കൊല്ലത്തേക്കു കൊണ്ടുപോയി. പരിക്കേറ്റ ഡോ. മഞ്ജുനാഥ് കൊല്ലം എൻ.എസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ദേവിക കൊല്ലം ഗവ. ആശുപത്രിയിലെ ഡോക്ടറാണ്. മറ്റു മക്കൾ: ഡോ. അഞ്ജലി (ഗൈനക്കോളജിസ്റ്റ് ഒമാൻ), അഡ്വ. രഞ്ജിനി (തിരുവന്തപുരം ലോ അക്കാദമി അസി. പ്രഫസർ). മറ്റു മരുമക്കൾ: ഡോ. പ്രേം ഹരിദാസ് മേനോൻ (തിരുവന്തപുരം മെഡിക്കൽ കോളജ്), ഡോ. സജിത കെ. നായർ (ഓസ്ട്രേലിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.