ആലപ്പുഴ മെഡിക്കല്‍ കോളജിൽ വീണ്ടും ഗുരുതരവീഴ്ച; കോവിഡ് ബാധിതെൻറ മരണം അറിയിച്ചത് നാലു ദിവസത്തിനുശേഷം
text_fieldsഅമ്പലപ്പുഴ: കോവിഡ് ബാധിതെൻറ മരണവിവരം ബന്ധുക്കളെ അറിയിച്ചത് നാലു ദിവസത്തിനുശേഷമെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഗുരുതരവീഴ്ച ആവർത്തിച്ചത്.
ചെങ്ങന്നൂര്‍ പെരിങ്ങാല കവിണോടിയില്‍ വീട്ടില്‍ തങ്കപ്പനാണ് (68) കഴിഞ്ഞ 10ന് കോവിഡ് ഐ.സി.യുവിൽ മരിച്ചത്. ഈ വിവരം രോഗിയോടൊപ്പം ഉണ്ടായിരുന്ന മകന് ജിത്തു അറിയുന്നത് 14ന് വൈകീട്ട് ആറിനാണ്.
കോവിഡ് ബാധിച്ച തങ്കപ്പെൻറ ഭാര്യ ചന്ദ്രികയെ കഴിഞ്ഞ ആറിന് ചെങ്ങന്നൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വീണ് പരിക്കേറ്റ ചന്ദ്രികയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചന്ദ്രികയെ പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കപ്പൻ ഒമ്പതിന് കുഴഞ്ഞുവീണു.
പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കപ്പനെ 10ന് ഐ.സി.യുവിലേക്ക് മാറ്റി. ഇവരുടെ പരിചരണത്തിന് മകന് ജിത്തുവും ഒപ്പമുണ്ടായിരുന്നു. ദിവസവും അച്ഛെൻറ വിവരങ്ങള്‍ ഐ.സി.യു ഡോക്ടറോട് അനേഷിച്ചിരുന്നു.
ഇതിനൊപ്പം ജിത്തുവിെൻറ മൊബൈല്‍നമ്പറും നല്‍കിയിരുന്നു. എന്നാല്‍, 14ന് വൈകീട്ട് ആറോടെയാണ് തങ്കപ്പൻ 10ാം തീയതി മരിച്ചതായുള്ള വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശി ദേവദാസിെൻറ മരണവിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചതെന്ന് പരാതി ഉയർന്നതിനു പിന്നാലെയാണ് പുതിയസംഭവം.
'കുറ്റക്കാർക്കെതിരെ കർശന നടപടി'
ആലപ്പുഴ: കോവിഡ് രോഗികളുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിനെതിരായ ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.