ഒരു വോട്ട് നിർണായകം, കോവിഡ് ചികിത്സയിലുള്ളയാൾ സത്യപ്രതിജ്ഞക്ക് ആംബുലൻസിലെത്തി
text_fieldsവണ്ടൂർ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒരു വോട്ട് നിർണായകമായതോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് ചികിത്സയിലുള്ളയാൾ സത്യപ്രതിജ്ഞക്ക് ആംബുലൻസിലെത്തി. കോവിഡ് ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിലുള്ള യു.ഡി.എഫ് അംഗം സി.കെ. മുബാറക്കാണ് ആശങ്കക്ക് അറുതി വരുത്താൻ ആംബുലൻസിലെത്തിയത്.
വരണാധികാരി പി.പി.ഇ കിറ്റ് ധരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ഈ വേറിട്ട സത്യപ്രതിജ്ഞ നടന്നത്. ഒമ്പതാം വാർഡംഗം സി.കെ. മുബാറക്കിന് കഴിഞ്ഞ 15നാണ് കോവിഡ് പിടിപ്പെട്ടത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ 23 വാർഡുള്ള പഞ്ചായത്തിലെ കക്ഷി നില യു.ഡി.എഫ് 12ഉം എൽ.ഡി.എഫിന് 11ഉമാണ്.
സത്യപ്രതിജ്ഞക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ് സി.കെ. മുബാറക്ക് എങ്കിലും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമേ ഇനി സത്യപ്രതിജ്ഞക്ക് സാധിക്കൂ എന്ന നേതൃത്വത്തിെൻറ ആശങ്ക കാരണമാണ് ആംബുലൻസിൽ എത്തിക്കാൻ കാരണം. സി.കെ. മുബാറക്കിെൻറ സത്യപ്രതിജ്ഞ നടന്നില്ലെങ്കിൽ പുതിയ പ്രസിഡൻറ് തെരഞ്ഞടുപ്പിൽ വോട്ടുനില 11-11 എന്ന നിലയിലാകും. ഇക്കാരണത്തിലാണ് യു.ഡി.എഫ് നേതൃത്വം സാഹസത്തിനു മുതിർന്നത്.
മറ്റു അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലിയതിനു ശേഷം മുബാറക്ക് എത്തിയ ആബുലൻസ് ചടങ്ങ് നടക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലുള്ള വേദിക്ക് സമീപമെത്തിച്ചു.
തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ച് വരണാധികാരിയായ തദ്ദേശ സ്വയംഭരണ വകുപ്പ് വണ്ടൂർ സബ്ഡിവിഷൻ അസി. എക്സി. എൻജിനീയർ സി.അർ. മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. ആംബുലൻസിൽ കിടന്നു കൊണ്ട് തന്നെയായിരുന്നു ചടങ്ങ്. തുടർന്ന് ഒപ്പ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.