കോവിഡ്: ശരിയായ ഗവേഷണ ഫലങ്ങൾ പുറത്തു വരുന്നില്ല -അഡ്വ. പ്രശാന്ത് ഭൂഷൺ
text_fieldsകൊച്ചി: കോവിഡ് പ്രതിരോധവും ചികിത്സയും കോർപറേറ്റ് ഫണ്ട് നൽകുന്ന ഗവേഷണ സ്ഥാപനങ്ങൾ പുറത്തു വിടുന്ന തെറ്റായ വിവരങ്ങളുടെ മുകളിലാണ് കെട്ടിപ്പടുത്തിട്ടുള്ളതെന്നും സത്യസന്ധമായ ഗവേഷണ ഫലങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്നും അഡ്വ. പ്രശാന്ത് ഭൂഷൺ.
ആയുഷ് ജനകീയ ഐക്യവേദി പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിൽ ഗേറ്റ്സ്, ഫൗച്ചി എന്നിവരാണ് കോവിഡ് ഗവേഷണങ്ങളിൽ 80 ശതമാനം ഫണ്ട് ചെയ്യുന്നത്. സത്യസന്ധമായ ഗവേഷണ വിവരങ്ങൾ പുറത്തു വിടുന്ന ഗവേഷകരിൽ ഫണ്ടിങ് ഏജൻസികളുടെ അപ്രീതിക്കു പാത്രമായവരെ യൂനിവേഴ്സിറ്റികൾ പോലും പുറത്താക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും മരണ നിരക്കിൽ വ്യത്യാസമില്ലെന്നും വാക്സിനേഷൻ പ്രത്യേക സംരക്ഷണം നൽകുന്നു എന്നത് വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോവിഡിന്‍റെ മൂന്നാം തരംഗം വരുന്നു എന്നത് വ്യാജ പ്രചാരണമാണ്. ഒമിക്രോൺ ഈ ശ്രേണിയിലെ ഏറ്റവും ദുർബലമായ വൈറസ്സാണ്. ഒമിക്രോൺ മാരകമല്ലെന്നും അനാവശ്യ ഭയം വളർത്തി ചികിത്സ സ്വീകരിക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുകയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഒരാളുടെ ആരോഗ്യം അയാളുടെ ഉത്തരവാദിത്വവും അവകാശവും ആയിരിക്കെ നിർബന്ധിത വാക്സിനേഷൻ, അടിച്ചേൽപിക്കുന്നത് ഒരാളുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ്. സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകൾ പരിഗണിച്ചു വിധി പ്രസ്താവിച്ചാൽ മാത്രമേ സുപ്രീംകോടതിയുടെ നിലപാടും സമീപനവും വെളിവാകുകയുള്ളു.
നൈജീരിയയിൽ നിന്നുള്ള ആധുനിക വൈദ്യശാസ്ത്ര വിദഗ്ധൻ ഡോ. ഈപ്പൻ കോശി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം.പി. മത്തായി, അഡ്വ. ജോൺ ജോസഫ്, എ. സലാഹുദ്ദീൻ, ഡോ. പ്രവീൺ ധർമ്മരത്നം, ഡോ. ദിനേശ് കർത്ത എന്നിവർ സംസാരിച്ചു. ഡോ. ബാബു ജോസഫ് സ്വാഗതവും ഡോ. ജേക്കബ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.