ആത്മഹത്യ ചെയ്ത പ്രഫുലകുമാറിന് കോവിഡ്: ആര്.ടി.പി.സി.ആര് പരിശോധന വേണമെന്ന് ബന്ധുക്കൾ
text_fieldsതിരുവനന്തപുരം: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്കുള്ളിൽ ആത്മഹത്യ ചെയ്ത പ്രഫുലകുമാറിെൻറ (50) കോവിഡ് പരിശോധനഫലം പോസിറ്റിവ്. ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ റിപ്പോർട്ടിനെതിരെ ഭാര്യയടക്കമുള്ളവർ രംഗത്തെത്തിയതോടെ പോസ്റ്റ്മോർട്ടം നടപടികൾ നീട്ടിവെച്ചു.
കമ്പനി അധികൃതർ ഡോക്ടർമാരെ സ്വാധീനിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ നടത്തുന്ന നാടകമാണിതെന്നും അതിനാൽ ആർ.ടി.പി.സി.ആർ നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരിയും രംഗത്തെത്തി. പ്രഫുല കുമാർ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കഴിഞ്ഞദിവസം മഹേശ്വരി ആരോപിച്ചിരുന്നു.
പൂട്ടിയിട്ടിരിക്കുന്ന കമ്പനിക്കുള്ളിൽ ആർക്കും തനിയേ കയറാൻ കഴിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഐ.എൻ.ടി.യു.സിയും ആരോപിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ചതോടെ പ്രഫുലകുമാറിെൻറ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സബ് കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരും നിരീക്ഷണത്തിലായി. പി.പി.ഇ കിറ്റ് അടക്കം യാതൊരു കോവിഡ് സുരക്ഷാ മുൻകരുതലുമില്ലാതെയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ നടന്നത്. പ്രഫുലകുമാറിെൻറ മരണവാർത്തയറിഞ്ഞ് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധമാണ് ഫാക്ടറിക്ക് മുന്നിൽ അരങ്ങേറിയത്. പ്രതിഷേധങ്ങളെ തുടർന്ന് ഉച്ചക്ക് മൂന്നരയോടെയാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോൺഗ്രസ് നേതാവ് എം.എ വാഹിദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.