കോവിഡ്: റബർ ഉൽപാദനവും ഉപഭോഗവും കുറഞ്ഞെന്ന് ബോർഡ്
text_fieldsകോട്ടയം: കോവിഡ് പ്രത്യാഘാതം റബർ മേഖലയെ കാര്യമായി ബാധിച്ചെന്ന് റബർ ബോർഡ്. ലോക്ഡൗണും തുടർനിയന്ത്രണവും റബർ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. മാർച്ച് മുതൽ സെപ്റ്റംബർവരെ റബർ ഉൽപാദനത്തിൽ 15.5 ശതമാനത്തിെൻറയും ഉപഭോഗത്തിൽ 23.5 ശതമാനത്തിെൻറയും കുറവുണ്ടായതായി റബർ മാസികയിൽ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ബോർഡ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഉൽപാദനവും ഉപഭോഗവും കാര്യമായി ഉയർത്താനായില്ല. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ചട്ടങ്ങൾ പാലിച്ച് റബർ ടാപ്പിങ്ങും സംസ്കരണവും നടത്തി. ഇത് വിപണിയിൽ നേരിയ ചലനങ്ങൾ സൃഷ്ടിച്ചു.
കമ്പനികളുടെ സഹായത്തോടെ നിശ്ചിത വിലയ്ക്ക് റബർ സംഭരിച്ചതും ഗ്ലൗസ് നിർമാണത്തിന് റബർ പാൽ സംസ്കരണ യൂനിറ്റുകൾക്ക് അനുമതി ലഭ്യമാക്കിയതും മേഖലക്ക് ആശ്വാസം പകർന്നു. ലോക്ഡൗൺ നിലനിന്ന മാർച്ച്-ഏപ്രിൽ മാസങ്ങൾ റെയിൻ ഗാർഡ് ചെയ്യേണ്ട കാലമായിരുന്നു. ഇത് വൈകിയിരുന്നെങ്കിൽ മേഖലയെ കാര്യമായി ബാധിക്കുമായിരുന്നു. 25,000 ഹെക്ടർ തോട്ടം റെയിൻ ഗാർഡ് ചെയ്യാനുള്ള പദ്ധതി ബോർഡ് തയാറാക്കി.
ഇതിനായി മിതമായ പലിശനിരക്കിൽ വായ്പ ലഭ്യമാക്കി. ബോർഡ് കമ്പനികളിലൂടെ കർഷകർക്കായി ക്രെഡിറ്റ് സ്കീം നടപ്പാക്കി. വിലയിടിവിൽ നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസമാകുന്ന പദ്ധതികൾ ബോർഡ് തയാറാക്കി വരുകയാണ്. നിലവിൽ റബർ വിലയിലെ നേരിയ വർധന കർഷകർക്ക് ആശ്വാസമേകുന്നുണ്ടെന്നും ബോർഡ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.